തിരുവനന്തപുരം•മെഡിക്കല്‍ കോളേജിലെ മെഡക്‌സ് എക്‌സിബിഷനില്‍ വ്യത്യസ്ഥ ശൈലിയോടെ എ.ആര്‍.ടി. പ്ലസ് സെന്ററിന്റെ പവലിയന്‍. എച്ച്.ഐ.വി. എയ്ഡ്‌സ് രോഗത്തെപ്പറ്റിയുള്ള എല്ലാവിധ കാര്യങ്ങളും ഇവിടെ നിന്നും അറിയാന്‍ സാധിക്കും. രക്ത സമ്മര്‍ദവും പ്രമേഹവും പോലെതന്നെ ആജീവനാന്ത ചികിത്സയിലൂടെ എയ്ഡ്‌സ് രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. ഒരു മെഡിക്കല്‍ എക്‌സിഷനില്‍ ആദ്യമായാണ് എ.ആര്‍.ടി. പ്ലസ് പവലിയനൊരുക്കുന്നത്.
സ്‌കൂള്‍ തലം മുതലേ എച്ച്.ഐ.വി. എയ്ഡ്‌സ് രോഗത്തെപ്പറ്റിയുള്ള അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. പൊതുജനങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നതും എന്നാല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ഈ പവലിയനില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. എന്താണ് എച്ച്.ഐ.വി. എയ്ഡ്‌സ്, അത് പകരുന്ന വിധം, പകരാത്ത വിധം, ചികിത്സ, സൂചി കൊണ്ട് കുത്തേറ്റാലുള്ള പ്രതിരോധം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും മനസിലാകുന്ന വിധം ലളിതമായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. സംശയ നിവാരണത്തിനായി പ്രത്യേക സംഘം തന്നെയുണ്ട്.
ഇതിനോടനുബന്ധിച്ച് എച്ച്.ഐ.വി വൈറസിന്റെ മാതൃകയും എച്ച്.ഐ.വി. ബാധിക്കുന്ന സി.ഡി. 4 സെല്ലിന്റെ രൂപവും മാതൃകയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എച്ച്.ഐ.വി. വൈറസിന്റെ ഉത്പത്തി, അത് ശരീരത്തില്‍ പ്രവേശിക്കുന്ന വിധം, വൈറസ് ശരീരത്തെ ബാധിക്കുന്ന രീതി, വൈറസിന്റെ വ്യാപനം തടയുന്ന രീതി എന്നിവ പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
എച്ച്.ഐ.വി. എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം രണ്ടായിരത്തോളം രോഗികള്‍ ചികിത്സയിലുണ്ട്. ഈ രോഗത്തിന്റെ പകര്‍ച്ചയെപ്പറ്റി അവബോധമില്ലാത്തതാണ് പ്രധാനമായും എച്ച്.ഐ.വി. എയ്ഡ്‌സ് ബാധിക്കുന്നതും വിഷമഘട്ടത്തിലേക്കെത്തുന്നതും.
എയ്ഡ്‌സ് രോഗത്തിന്റെ ചികിത്സ ആജീവനാന്തകാലമാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കണം. കൃത്യമായ ചികിത്സയിലൂടെ ഇത്തരം രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും. പലപ്പോഴും ഈ രോഗം മൂടിവയ്ക്കുന്നതാണ് പ്രതിരോധ ശേഷി നഷ്ടപ്പെട്ട് മറ്റസുഖങ്ങളിലെത്തിക്കുന്നത്. എയ്ഡ്‌സ് വന്ന് പ്രതിരോധ ശേഷി കുറയുമ്പോള്‍ ക്ഷയം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി. സെന്ററിനെ 2016ല്‍ എ.ആര്‍.ടി. പ്ലസ് സെന്ററായി ഉയര്‍ത്തി. ഇതോടെ എയ്ഡ്‌സ് രോഗത്തിനുള്ള ചികിത്സയ്ക്കായ് വിദൂരങ്ങളില്‍ പോകാതെ രണ്ടാം ഘട്ട ചികിത്സയും പ്രത്യേക ചികിത്സയും ഇവിടെനിന്നും ലഭ്യമായി. ലക്ഷങ്ങള്‍ വിലവരുന്ന ചികിത്സയും മരുന്നും തികച്ചും സൗജന്യമാണ്.
Post Your Comments