IndiaNews

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനു തന്നെ : ബജറ്റില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അഞ്ച് സുപ്രധാന തീരുമാനങ്ങള്‍

നോട്ട് നിരോധനത്തിന് ശേഷം കലുഷിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ ബജറ്റ് മുന്നോട്ടുവെയ്ക്കുന്ന പ്രതീക്ഷകള്‍ നിരവധിയാണ്.

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്ര ബജറ്റ് മാറ്റിവെയ്ക്കണമെന്ന ഹരജി സുപ്രീം കോടതിയും തള്ളിയതോടെ മുന്‍ നിശ്ചയ പ്രകാരം ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരണം നടക്കും. പൊതു-റെയില്‍വെ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ആദ്യ ബജറ്റുകൂടിയാവും ഇത്തവണത്തേത്. നോട്ട് നിരോധനത്തിന് ശേഷം കലുഷിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ ബജറ്റ് മുന്നോട്ടുവെയ്ക്കുന്ന പ്രതീക്ഷകള്‍ നിരവധിയാണ്.

1. ആദായ നികുതി പരിധി

ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള തീരുമാനം 2017ലെ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴത്തെ ആദായ പരിധിയായ 2.5 ലക്ഷം നാല് ലക്ഷം രൂപയാക്കി ഉയര്‍ത്തിയേക്കുമെന്നാണ് ധനകാര്യ ലോകത്ത് നിന്നുള്ള പ്രതീക്ഷ. രാജ്യത്തെ ഇടത്തരം വരുമാനക്കാരെ സര്‍ക്കാറിനൊപ്പം പിടിച്ചുനിര്‍ത്താനുതകുന്ന സുപ്രധാന തീരുമാനമാവും അത്.

2. ക്യാഷ്‌ലെസ് ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം

നോട്ട് നിരോധനം സൃഷ്ടിച്ച അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലാത്തതിനാല്‍ ക്യാഷ്‌ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉറപ്പാണ്. വിവിധ സ്ഥലങ്ങളിലെ കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് സമ്മാനങ്ങള്‍ പ്രതീക്ഷിക്കാം. ഡെബിറ്റ് കാര്‍ഡുകള്‍ എടുക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കൂട്ടാനായി മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്കുകള്‍ എടുത്തുകളഞ്ഞേക്കും. മൊബൈല്‍ വാലറ്റുകള്‍, മറ്റ് ആപ്ലിക്കേഷനുകള്‍, പേയ്‌മെന്റ് ബാങ്ക് തുടങ്ങിയവയിലൂടെയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാനും പദ്ധതികളുണ്ടാവും

3. റിയല്‍ എസ്റ്റേറ്റ്

സാമ്പത്തിക വളര്‍ച്ച പൊതുവെ നല്ല നിലയില്‍ അല്ലാതിരുന്ന മാസങ്ങളാണ് കഴിഞ്ഞുപോയത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ടിലെ കര്‍ശന വ്യവസ്ഥകള്‍ മേഖലയെ അല്‍പം ക്ഷീണത്തിലാക്കിയിട്ടുണ്ട്. ആദായ നികുതി ഇളവ്, നിര്‍മ്മാണ സാമഗ്രികളുടെ വില ഏകീകരണം തുടങ്ങിയവ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്ത് പകരും.

4. ഭവന വായ്പ

എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതി ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിനോടകം തന്നെ മിക്ക ബാങ്കുകളും ഭവന വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഭവന വായ്പയുടെ പലിശ തുകയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനുള്ള സാധ്യത ബജറ്റിലുണ്ട്. രണ്ട് ലക്ഷത്തിലധികമുള്ള പലിശ ബാധ്യതക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക.

5. കര്‍ഷകര്‍ക്ക് ആശ്വാസം

നോട്ട് നിരോധനം കാര്‍ഷിക മേഖലയ്ക്ക് ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ഇതിനെ ലഘൂകരിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉറപ്പാണ്. ഗ്രാമീണ മേഖലകളില്‍ ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ഇതോടൊപ്പം ഉണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button