IndiaNews

കേന്ദ്ര ബജറ്റ് അവതരണത്തെ ഭയന്ന് കേന്ദ്ര-പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിനാല്‍ കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരിയില്‍ നടത്തരുതെന്ന് അപേക്ഷിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

എന്നാല്‍ ബജറ്റ് അവതരണം ഭരണഘടനാ നടപടിയാണെന്നും അത് പ്രാദേശിക തെരഞ്ഞെടുപ്പുകളുടെ പേരില്‍ മാറ്റിവയ്ക്കുന്ന പ്രശ്‌നമില്ലെന്നുമാണ് ബിജെപി നിലപാട്.

2014 ലെ തെരഞ്ഞെടുപ്പിന് മുന്‍പും ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ ബജറ്റിലെ ജനനന്മ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങള്‍ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജനങ്ങളോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം.
ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും പ്രതിപക്ഷം സര്‍ക്കാരിന്റെ മുന്നില്‍ വെക്കുകയുണ്ടായില്ല. ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ബി.ജെ.പിക്ക് നിരവധി കാര്യങ്ങളുണ്ട്.
ബജറ്റിലെ ജനപ്രിയ കാര്യങ്ങള്‍ ജനങ്ങളെ ബി.ജെ.പിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന ഭീതിയിലാണ് പ്രതിപക്ഷം. സ്വതന്ത്രവും നിഷ്പക്ഷവുമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

ബജറ്റ് അവതരണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതു തന്നെ പ്രതിപക്ഷത്തിന്റെ പരാജയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

ബജറ്റ് മാര്‍ച്ച് എട്ടിനുശേഷം മാത്രമേ അവതരിപ്പിക്കാവൂ എന്നാണ് പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കേണ്ടത് ആവശ്യമാണ്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയാണിത്. ഇതനുസരിച്ചാണ് ബജറ്റവതരണം ക്രമീകരിച്ചിട്ടുള്ളത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സ്വാധീനിക്കും. ഉത്തര്‍പ്രദേശിന് പുറമെ പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 എന്നീ തീയതികളിലാണ് യുപി വോട്ടെടുപ്പ്. മണിപ്പൂരില്‍ മാര്‍ച്ച് നാല്, എട്ട് തീയതികളിലും, പഞ്ചാബിലും ഗോവയിലും ഫെബ്രുവരി നാലിനും, ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 13നുമാണ് വോട്ടെടുപ്പ്.

മാര്‍ച്ച് 11 ന് ഫലപ്രഖ്യാപനം നടക്കും. 690 മണ്ഡലങ്ങളില്‍ 1.85 ലക്ഷം പോളിംഗ് ബൂത്തുകളിലായി 16 കോടി വോട്ടര്‍മാരാണ് വിധി എഴുതുന്നത്.

നോട്ട് റദ്ദാക്കല്‍, പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണം തുടങ്ങി രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ തെരഞ്ഞടുപ്പുകള്‍ നിര്‍ണായകം തന്നെയാണ്.
ഉത്തര്‍പ്രദേശ് ബിജെപി നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് സര്‍വേ പ്രവചനം. ബിജെപി 206 മുതല്‍ 216 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 76 ശതമാനം നോട്ട് അസാധുവാക്കലിനെ പിന്തുണക്കുന്നവരും കള്ളപ്പണം പുറത്തുവരുമെന്ന് വിശ്വസിക്കുന്നവരുമാണ്. ഇക്കാരണത്താല്‍ പ്രതിപക്ഷത്തിന്റെ ബജറ്റ് ഭീതിയുടെ കാരണം ഇതില്‍നിന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button