കൊച്ചി : നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവും മൂലമുണ്ടായ വേദന വിസ്മരിക്കാന്‍ സഹായകമാകുന്നതും വിപ്ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയില്‍ വിസ്മയിപ്പിക്കാന്‍ പര്യാപ്തവുമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം) ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചേക്കുമെന്നു സൂചന.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവയെ മാത്രം ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങള്‍ അനുവദനീയമല്ലെന്നിരിക്കെ സാര്‍വത്രിക പദ്ധതി എന്ന സമര്‍ഥമായ തന്ത്രത്തിലൂടെ ജനപിന്തുണ നേടുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
ബാങ്ക് അക്കൗണ്ട് മുഖേന 30 കോടിയോളം പാവപ്പെട്ടവര്‍ക്കു മാസം തോറും നിശ്ചിത തുക ലഭ്യമാക്കി പദ്ധതിക്കു തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്സിഡികളും ക്രമേണ നിര്‍ത്തലാക്കി പിന്നീടു പദ്ധതി സാര്‍വത്രികമാക്കാമെന്നും അങ്ങനെ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടല്‍. പ്രാവര്‍ത്തികമായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും ഇത്.
ക്ഷേമ പെന്‍ഷനുകളും സബ്സിഡികളും ക്രമേണയാണെങ്കിലും നിര്‍ത്തലാക്കാമെന്നതിനാല്‍ തല്‍ക്കാലത്തേക്കു മാത്രമാണ് അധിക ബാധ്യത.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചു വിവിധ സബ്സിഡികള്‍, മറ്റു സൗജന്യങ്ങള്‍ എന്നിവയ്ക്കായി ചെലവിട്ട തുക മൂന്നര ലക്ഷം കോടി രൂപയായിരുന്നു. അതായത്, ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനത്തോളം. അടിസ്ഥാന വരുമാന പദ്ധതിക്കു പ്രാരംഭ വര്‍ഷത്തില്‍ ഇത്രയും തുക മതിയാകുമെന്നാണു കണക്കാക്കുന്നത്.
സംസ്ഥാനങ്ങള്‍ക്കും പദ്ധതി വലിയ നേട്ടമാകും; പ്രത്യേകിച്ചും ക്ഷേമ ബോര്‍ഡുകളുടെ ആധിക്യമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്. ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി) യുടെ കാര്യത്തില്‍ സംഭവിച്ചതുപോലുള്ള എതിര്‍പ്പുകളുണ്ടാകുകയുമില്ല. ഇത്തവണ സാധാരണക്കാരെ ലക്ഷ്യമിട്ടായിരിക്കും ബജറ്റ് എന്നാണ് പ്രതീക്ഷ
Post Your Comments