ജോലിക്കുപോയില്ലെങ്കിലും ഇനി വരുമാനം ബാങ്ക് അക്കൗണ്ടുകളിലെത്തും. അത്ഭുതപ്പെടേണ്ട. അത്തരമൊരു പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തതായി സൂചന. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം അഥവാ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി എന്നപേരില്‍ തയ്യാറാക്കിയ പദ്ധതിയുടെ പ്രഖ്യാപനം ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകും. ബാങ്ക് അക്കൗണ്ട് മുഖേന 30 കോടിയോളം പാവപ്പെട്ടവര്‍ക്കു മാസം തോറും നിശ്ചിത തുക ലഭ്യമാക്കി പദ്ധതിക്കു തുടക്കമിടാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടല്‍. പ്രാവര്‍ത്തികമായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും ഇത്. ബാങ്കുകള്‍ മുഖേന ആയിരിക്കും പദ്ധതി നടപ്പാക്കുന്നതത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചു വിവിധ സബ്‌സിഡികള്‍, മറ്റു സൗജന്യങ്ങള്‍ എന്നിവയ്ക്കായി ചെലവിട്ട തുക മൂന്നര ലക്ഷം കോടി രൂപയായിരുന്നു. ഈതുക മൊത്തം ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനത്തോളം വരും. പുതിയ പദ്ധതിക്കും ആദ്യവര്‍ഷത്തില്‍ ഇത്രയും തുക മതിയാകുമെന്നാണു കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി സംസ്ഥാനങ്ങള്‍ക്കും വലിയ നേട്ടമാകും. തൊഴില്‍ മേഖലയിലെ അസംഘടിതരായ ലക്ഷക്കണക്കിനാളുകള്‍ക്കു കറന്‍സി നിയന്ത്രണം മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു പ്രായശ്ചിത്തമെന്ന നിലയില്‍ ബജറ്റില്‍ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതിക്ക് മികച്ച സ്ഥാനം ഉണ്ടാകുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. അടിസ്ഥാന വരുമാന പദ്ധതി യാഥാര്‍ഥ്യമാകുമെങ്കില്‍ അത് അത്യന്തം ജനകീയമെന്നതിനുപരി വിപ്ലവകരമായ സാമ്പത്തിക നടപടിയുമായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments