2017 ജനുവരി 20 വെള്ളിയാഴ്ച മലപ്പുറം ഉണര്‍ന്നത് തന്നെ ഞെട്ടലോടെയാണ്. വണ്ടൂര്‍ വാണിയമ്പലത്ത് ഏതാണ്ട് 2000 അടി ഉയരമുള്ള പാറയുടെമേല്‍ സ്ഥിതി ചെയ്യുന്ന ശ്രീബാണാപുരം ത്രിപുര സുന്ദരി ക്ഷേമത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമണം. ഉപദേവനായ നാഗരാജാവിന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞ അക്രമികള്‍ ക്ഷേത്രത്തിലെ ഒട്ടുമിക്ക വസ്തു വകകളും നശിപ്പിച്ചു. ആംഫ്ളിഫയറും ജനറേറ്ററും നശിപ്പിച്ച അക്രമികള്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇത് കൂടാതെ ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി അശുദ്ധമാക്കുകയും ചെയ്തു.
വളരെ ആസൂത്രിതമായി നടത്തിയ അക്രമം. ഒരു വര്‍ഗ്ഗീയ കലാപം തന്നെ പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതകളും ! പക്ഷേ, നിയമപാലകരെക്കാള്‍ ജാഗരൂഗരായതും ഉണര്‍ന്നു പ്രവര്‍ത്തിച്ചതും മലപ്പുറത്തെ രാഷ്ട്രീയ നേതാക്കളാണ്. പ്രത്യേകിച്ചും ബിജെപി – ലീഗ് നേതാക്കള്‍ കാണിച്ച പക്വതാപരവും അവസരോചിതവുമായ ചില ഇടപെടലുകള്‍ സമൂഹത്തിന്റെ മത സൗഹാര്‍ദ്ദം കൂടി വിളിച്ചോതുന്നതായി. അക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം ക്ഷേത്രം സന്ദര്‍ശിക്കുകയും അക്രമികള്‍ നശിപ്പിച്ച ആംഫ്ളിഫയറിന് പകരം മറ്റൊന്ന് സ്പോണ്‍സര്‍ ചെയ്യുകയും ചെയ്ത മുസ്ളീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറുടെ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ അവസരത്തില്‍ ഈസ്റ്റ് കോസ്റ്റ് റിപ്പോര്‍ട്ടര്‍ രഞ്ജിത്ത് ഏബ്രഹാം തോമസിനോട് അദ്ദേഹം മനസ് തുറക്കുന്നു.
*** വളരെ മാതൃകാ പരമായ നിലപാടാണല്ലോ ഈ അവസരത്തില്‍ മുസ്ളീം ലീഗ് കൈക്കൊണ്ടത്.?
? അത് സമൂഹത്തോടുള്ള മര്യാദയാണ്. ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പരസ്പര സ്നേഹവും വിശ്വാസവുമാണ് നാം കാത്തു സൂക്ഷിക്കേണ്ടത്. അത് സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധതയാണ്.
***സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് കരുതുന്നുണ്ടോ?
? അന്വേഷണം നടക്കട്ടേ. എന്തായാലും ഇത്തരം സാമൂഹിക വിരുദ്ധരെ സമൂഹം ഒറ്റപ്പെടുത്തണം. ഇങ്ങനെയുള്ള അപലപനീയമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് മനുഷ്യരുടെ ഇടയില്‍ ജീവിക്കാനുള്ള അര്‍ഹതയില്ല. ഒത്തൊരുമയോടെ വസിക്കുന്ന ഇടങ്ങളില്‍ മനപൂര്‍വ്വം ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ സമൂഹം ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം.!!
***അക്രമണം നടന്ന ക്ഷേത്രം സന്ദര്‍ശിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകാത്തതിനെ കുറിച്ച്?
? ആ വിഷയത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷേ ഒന്ന് പറയാം. പൊതുസമൂഹത്തിനും വിശ്വാസികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ ലീഗ് സ്വീകരിക്കുന്ന നിലപാടുകള്‍ മറ്റുള്ളവര്‍ക്കും മാതൃകയാക്കാം
***അങ്ങയുടേയും പ്രവര്‍ത്തകരുടേയും മാതൃകാപരമായ ഈ സമീപനം പൊതുസമൂഹം ഏറ്റെടുത്ത് കഴിഞ്ഞു.
? വിശ്വാസങ്ങള്‍ പലതാകാം. ആരാധനാ രീതികളും വ്യത്യസ്ഥമാകാം. പക്ഷേ, ദൈവം ഒന്നാണ്. ദൈവത്തിലേക്കുള്ള വഴികള്‍ പലതാണെന്ന് മാത്രം. ആര്‍ദ്രതയും മനസിന്റെ വിശാലതയുമാണ് വിശ്വാസികള്‍ക്ക് വേണ്ടത്. അപരന്റെ വേദന സ്വന്തം വേദനയായി കരുതിയാല്‍ സമൂഹത്തില്‍ ശാന്തിയും സമാധാനവും കൈവരും.
***വിശ്വാസികളോട് എന്താണ് അങ്ങയ്ക്ക് പറയാനുള്ളത്?
? ആരാധനാലയങ്ങളെയും വിശ്വാസികളെയും അവഹേളിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അത് ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. ക്ഷേത്രങ്ങള്‍ മാത്രമല്ല എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ബാദ്ധ്യതയാണ്. അത് ഓരോ പൗരനും അവരവരുടെ ഉത്തരവാദിത്വമായി എടുക്കണം.
——————————————————————-
കെ.എന്‍.എ ഖാദര്‍ എന്ന മുസ്ളീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ അവസരോചിതമായ നിലപാട് സമൂഹത്തിന് വ്യത്യസ്ഥ മാതൃകയും കൃത്യമായ ദിശാബോധവുമാണ് നല്‍കുന്നത്. ഇതു തന്നെയാണ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നതും..
Post Your Comments