കല്ല്യാണം കഴിഞ്ഞിട്ട് ദുബായിലോട്ട് പോന്നതാ. പിന്നെ ഇപ്പോഴാണ് ലീവ് കിട്ടുന്നത്. ഒഴിവ് സമയങ്ങളിലെല്ലാം വാങ്ങിച്ച് കൂട്ടിയ സാധനങ്ങളുമായി നാട്ടിലേക്ക് പോകുന്നതിന്റെ തലേദിവസം കൂട്ടുകാരുടെ വക ഒരു ചെറിയ പാര്‍ട്ടി.
ഏയ് !… തെറ്റിദ്ധരിക്കരുത്… ! ആ പാര്‍ട്ടിയല്ല ഇത് വെറും ഫുഡ് അടി പാര്‍ട്ടി.
കാര്യമായിട്ട് തന്നെ കഴിച്ചു. അല്ലെങ്കിലും ഭക്ഷണം മുന്നില്‍ വന്നാല്‍ എന്റെ സാറേ… പിന്നെ ചുറ്റുമുള്ളത് ഒന്നും കാണില്ല.
കൂട്ടുകാരാണ് എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടത്. പുലര്‍ച്ചയാണെങ്കിലും നല്ല തിരക്കായിരുന്നു.
ഇത് പോലെ ഒരു എയര്‍പോര്‍ട്ട് നമുക്ക് സ്വന്തമായിട്ട് തുടങ്ങിയാലോ? നല്ല ലാഭമായിരിക്കും അല്ലെ..? എത്ര ഉര്‍പ്പിക വേണ്ടി വരുമോ ആവോ ?!
വലിയ വലിയ ചിന്തകളുമായി ഉന്തി തള്ളി കൗണ്ടറില്‍ എത്തി സാധനങ്ങള്‍ തൂക്കം നോക്കിയപ്പോള്‍ പതിവ് പോലെ ഭാരം കൂടുതല്‍. ഒന്നുകില്‍ സാധനം മാറ്റണം അല്ലെങ്കില്‍ കൂടുതല്‍ പണമടക്കണം.
ഞാന്‍ പാവമാണ്. എന്റെ കയ്യില്‍ കാശില്ല. ചെറിയ ശമ്പളക്കാരനാ എന്നൊക്കെ ആ ചുണ്ടു ചുവപ്പിച്ചിരിക്കുന്ന ചേച്ചിയോട് പറഞ്ഞ് നോക്കി. അവരല്ലാത്രെ അതിന്റെ മുയലാളി. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലാന്ന്…! അവസാനം മാറിയിരുന്ന് കെട്ടിയ പെട്ടി അഴിച്ചു..ഭാര്യയെ ഞെട്ടിക്കാനായി കൊണ്ട് പോകുന്ന ഗള്‍ഫ് സോപ്പു പൊടിയും മിഠായിയും മാറ്റിയപ്പോഴെ അവള്‍ക്ക് സമാധാനമായുള്ളൂ.. ദുഷ്‌ടേ…!
ഞാന്‍ മാറ്റുന്ന സാധനങ്ങള്‍ കണ്ടപ്പോള്‍.. വേറൊരാള്‍ പറഞ്ഞിട്ടു പോകുന്നുണ്ടായിരുന്നു.
‘ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും ഭായ്. വെറുതെ ഇവിടുന്ന് കെട്ടിവലിച്ച് കൊണ്ട് പോകണ്ട’. എന്ന് .
ഇനി പറഞ്ഞിട്ട് കാര്യമില്ല ചേട്ടോ.. എന്ന് ഞാനും ആത്മഗതം ചെയ്തു.
കാശ് കൊടുത്ത് വാങ്ങിയ സാധനങ്ങള്‍ അവിടെ ഉപേക്ഷിച്ച ദു:ഖഭാരത്തില്‍ ബോര്‍ഡിംഗ് പാസ്സും വാങ്ങി എമിഗ്രേഷനിലെത്തുമ്പോഴെക്കും വല്ലാതെ വൈകി. ബോര്‍ഡിംഗ് ഗെയ്റ്റിന്റെ അവിടെയെത്തുമ്പോഴേക്കും ആളുകള്‍ ഫ്‌ലൈറ്റിലേക്ക് കയറി തുടങ്ങിയിരുന്നു.
സീറ്റ് തപ്പി പിടിച്ചിരിന്നപ്പോള്‍ വയറിനെന്തോ ഒരു കിരുകിരുപ്പ്. ഇന്നലെ വാരിവലിച്ച് കഴിച്ചതിലെന്തെങ്കിലും വയറിന് പിടിച്ചില്ലെ… ? എന്താണാവോ?…
വിമാനം പൊന്തട്ടെ എന്നിട്ടാവാം. എന്ന് കരുതി. വിമാനം പൊന്തി അധികം കഴിയാതെ തന്നെ ഞാനും സീറ്റില്‍ നിന്നും പൊന്തി..ഇരിക്കപ്പൊറുതി കിട്ടണ്ടേ…!
എഴുന്നേറ്റ് ടോയ്‌ലറ്റ് ലക്ഷ്യമാക്കി നടന്നു. മുന്‍വശത്തെ ടോയ്‌ലറ്റിലേക്കാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഉള്ളില്‍ ആള്…!
ഞാനാണെങ്കില്‍ അഗ്‌നിപര്‍വ്വതം പുകയുന്ന അവസ്ഥയിലും. നാടു തടുത്താലും മൂട് തടുക്കാന്‍ പറ്റില്ല എന്നല്ലേ.. എന്നാലും മൂട് ചുമരില്‍ അമര്‍ത്തി ഒരു ശ്രമം നടത്തി നിന്നു.
ഹാവൂ ..! ഉള്ളിലെയാള്‍ അരങ്ങൊഴിഞ്ഞു.
ഇനി എന്റെ ഊഴം..
ഫ്‌ളൈറ്റിലെ ടോയ്‌ലറ്റിലിരിക്കുക എന്ന് പറഞ്ഞാല്‍ അതൊരു ചടങ്ങാ..
പ്രത്യേകിച്ച് ടൈറ്റ് ജീന്‍സൊക്കെ ഇട്ടാല്‍.
എങ്ങിനെ നോക്കിട്ടും ഇരിക്കാന്‍ പറ്റുന്നില്ല. അവസാനം ജീന്‍സും ഷഡ്ഢിയും ഒക്കെ ഊരേണ്ടി വന്നു.
ഹാവൂ….! കാര്യം സമാധാനമായി.
കഴുകാന്‍ നോക്കിയപ്പോഴോ..? വെള്ളമെടുക്കാന്‍ ഒരു രക്ഷയുമില്ല…! സാധാരണ ഒരു ചെറിയ കുപ്പി പോക്കറ്റില്‍ തിരുകിയാണ് പോകാറ്. ഇത്തരം സന്ദര്‍ഭത്തില്‍ അതുപയോഗിച്ചു ശൗച്യം ചെയ്യും.. ഇന്ന് ധൃതിയില്‍ അതും മറന്നു.
അവസാനം അവിടെയുള്ള ടിഷ്യു പേപ്പറില്‍ കാര്യം സാധിക്കേണ്ടി വന്നു.
അല്ല.. ! ഈ വലിയ വലിയ ആള്‍ക്കാര്‍ക്കെ കോട്ടും സൂട്ടുമിട്ട് പത്രാസില്‍ ഇതിന്റെ ഉള്ളില്‍ പോയി വരുമ്പോള്‍ ഇങ്ങനെയൊക്കെ തന്നെയാണോ ചെയ്യുക. അല്ലാതെ വേറെ എന്ത് ചെയ്യും അല്ലെ…? കഷ്ടം…!
ഈ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാല്‍ ഒരു മനസ്സമാധാനവും കിട്ടില്ല. അവിടെയുള്ള ഏകദേശം പേപ്പറും തീര്‍ത്തു.
ഒടുവില്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് ഷഡ്ഡി ഇടാന്‍ നോക്കിയപ്പോള്‍ സംഭവം കാണാനില്ല…!
എവിടെയുമില്ല… ! ആ ഇട്ടാവട്ടത്തില്‍ നോക്കാവുന്നിടത്തെല്ലാം നോക്കി. ഇല്ല … !
ഇനി ഇപ്പോ എന്ത് ചെയ്യും..?
നേരത്തെ ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ച് നിറച്ച വേയ്സ്റ്റ് ബിന്നില്‍ വരെ കയ്യിട്ട് നോക്കേണ്ടി വന്നു.
പക്ഷെ അതിലും സാധനമില്ല..! പിന്നെ ഇതിപ്പോ എവിടെ പോയി?…
വാതിലില്‍ ആരോ പിടിച്ചു വലിക്കുന്നുണ്ട് .. ആള്‍ക്കും ധൃതിയുണ്ടാകും. എത്രയെന്ന് കരുതിയാ ഇതും നോക്കി ഇവിടെ ഇരിക്കാ.
അവസാനം മനസ്സില്ലാ മനസ്സോടെ ഷഡ്ജമിടാതെ ജീന്‍സിട്ട് പുറത്തേക്കിറങ്ങി.
പുറത്തേക്കിറങ്ങിയപ്പോള്‍, കയറാനുള്ളയാള്‍ കാര്യമായി സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇറങ്ങാന്‍ വൈകിയതിന്റെ കലിപ്പായിരിക്കും.
എന്നാലും അതെവിടെ പോയി?.. എന്നാലോചിച്ചു സീറ്റിലേക്ക് നടന്നു.
പോകുന്ന വഴിയില്‍ ഇടതും വലതും ഉറങ്ങാതെയിരിക്കുന്നവരില്‍ ചിലര്‍ കാര്യമായി നോക്കുന്നുണ്ട്. ചില പെണ്ണുങ്ങള്‍ ചിരിയടക്കാന്‍ പാടുപെടുന്ന പോലെ. ഇവര്‍ക്കെല്ലാം മനസ്സിലായോ ഞാന്‍ അതിടാതെയാണ് വരുന്നത് എന്ന്…! ആവോ?
ഒടുവില്‍ സീറ്റിലെത്തി. ഭാഗ്യം സൈഡ് സീറ്റില്‍ ഇരിക്കുന്നവരെല്ലാം ഉറക്കത്തിലായിരുന്നു. വെള്ളം തൊടാത്ത തിനാല്‍ വല്ലാണ്ട് അമര്‍ന്നിരിക്കാന്‍ മനസ്സും അനുവദിക്കുന്നില്ല …
എന്നാലും അതെവിടെ പോയി…?
ഇതിനിടയില്‍ എയര്‍ഹോസ്റ്റസ് വരുന്ന വഴിയില്‍ എന്നെ നോക്കി. പിന്നെ ഒന്നും കൂടി നോക്കി. പിന്നെ ചിരിച്ചു. ഞാനും ചിരിച്ചെന്ന് വരുത്തി.
ഇവള്‍ക്കും മനസ്സിലായോ?…..
അവള്‍ അടുത്ത് വന്നു ചിരിച്ച് കൊണ്ട് ഇംഗ്ലീഷില്‍ എന്തോ പറഞ്ഞു..
പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും, പറയുന്ന വാക്കുകളില്‍ സര്‍ എന്നും അണ്ടര്‍വെയര്‍ എന്നും മനസ്സിലായി…
ങ്ങെ ! … ഇനിപ്പോ ഇവള്‍ക്കെങ്ങാനും കിട്ടിയോ…?
ഞാന്‍ എവിടെ എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് ചോദിച്ചു.
അവള്‍ എന്റെ ഷോള്‍ഡറിലേക്ക് ചൂണ്ടി. ഞാന്‍ നോക്കി ..
ധൃതിയില്‍ ഊരിയിട്ട ഷഡ്ജം എന്റെ ഷോള്‍ഡറില്‍….!
ഇത്രയും ആളുകള്‍ക്ക് മുന്നിലൂടെ ആ ഷഡ്ജവും തോളിലിട്ട് ഗമയിലുള്ള എന്റെ ഒരു നടത്തം…..! ഹോ. ആലോചിക്കാന്‍
പലര്‍ക്കും ഒരു സംശയം, ആ ഷഡ്ജം പിന്നീട് എന്ത് ചെയ്തു എന്ന്?
പെട്ടെന്ന് അതെടുത്തു ചുരുട്ടി കയ്യില്‍ പിടിച്ചു. പിന്നെ ഓള്‍ടെ മുഖത്തേക്ക് ഞാന്‍ നോക്കാന്‍ നിന്നില്ല.. എന്തിനാ വെറുതെ ഓള്‍ടെ ആക്കിയുള്ള ചിരി കാണണം..?
അടുത്തിരിക്കുന്നവര്‍ ഉറക്കത്തിലായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ല എന്ന വലിയൊരു ആശ്വാസത്തോടെ എഴുന്നേറ്റ് ടോയിലേറ്റ് ലക്ഷ്യമാക്കി നടന്നു. ഇതൊന്നു വീണ്ടും ധരിക്കണമല്ലോ.. അപ്പോഴേക്കും അവിടെ എ.ടി.എമ്മിനു മുന്നില്‍ നോട്ടിനായി ക്യു നില്‍കുന്ന പോലെ വലിയൊരു നിര രൂപാന്തര പെട്ടിരിന്നു. ഇവര്‍ക്കെല്ലാം ഇന്നലെ പാര്‍ട്ടിയുണ്ടായിരുന്നോ ആവോ..?
ഞാന്‍ ഷഡ്ജം ചുരുട്ടി മെല്ലെ പോക്കറ്റില്‍ തിരുകി വച്ച് സീറ്റിലേക്ക് തന്നെ മടങ്ങി. തിരക്കൊഴിഞ്ഞിട്ട് മതി. എല്ലാം കൊണ്ടും ക്ഷീണിതനായതിനാല്‍ ആ ഇരുപ്പില്‍ കുറച്ചു നേരം നന്നായി തന്നെ ഉറങ്ങി. പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ വിമാനം ലാന്‍ഡു ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. അത്‌കൊണ്ട് തന്നെ ഈ സാധനം ധരിക്കാനുള്ള സമയവും കിട്ടിയില്ല.
അങ്ങിനെ വിമാനം കൊച്ചിയെത്തി.
ഞങ്ങള്‍ പ്രവാസികള്‍ അങ്ങകലെ നാടിന്റെ പച്ചപ്പ് വിമാനത്തിന്റെ കിളി വാതിലിലൂടെ കണ്ടാല്‍ മതി.. അപ്പൊ തന്നെ എഴുന്നേറ്റു നില്‍ക്കും അത്രയ്ക്കുണ്ട് ദേശസ്‌നേഹം അല്ലാണ്ട് ജനഗണമന തന്നെ കേള്‍ക്കണമെന്ന് ഇല്ല.
എല്ലാരും ഇറങ്ങാനുള്ള തിരക്കില്‍ ആയി. അങ്ങിനെ ഞാനും സീറ്റില്‍ നിന്നും എഴുന്നേറ്റു.. അപ്പോഴാണ് ഷഡ്ജം തിരുകിവച്ച പോക്കറ്റ് വല്ലാതെ വീര്‍ത്തു നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടനെ പോക്കറ്റില്‍ നിന്നും അതെടുത്തു അരയില്‍ ഭദ്രമായി തിരുകി വച്ചു. കാരണം, വിമാനത്തില്‍ കയറുമ്പോള്‍ വാതില്‍ക്കല്‍ വച്ച് എന്റെ ഹാന്‍ഡ് ലഗേജും കൂടി അവര്‍ വാങ്ങിയിരുന്നത് കൊണ്ട് ഫ്രീ ഹാന്‍ഡ് ആയിട്ടായിരുന്നു യാത്ര. അതുകൊണ്ട് തന്നെ ഇനി ഒരു വാഷ് റൂം കാണുന്നത് വരെ അതെനിക്ക് അരയില്‍ സൂക്ഷിക്കാനെ നിവര്‍ത്തിയുള്ളൂ…
അങ്ങിനെ വിമാനമിറങ്ങി കോറിഡോറിലൂടെ നിര്‍ഷഡ്ജനായി എമ്മിഗ്രേഷനിലേക്ക് നടന്നു. എന്റെ നടത്തം കണ്ടാല്‍ എല്ലാം ഉള്ള ഒരാളുടെ നടത്തം പോലെയായിരുന്നൂട്ടാ.. ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ.
എമ്മിഗ്രേഷനില്‍ എത്തിയപ്പോള്‍ അവിടെയും കണ്ടു നീണ്ട ഒരു ക്യൂ.. അതില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ലവള്‍, ആ എയര്‍ ഹോസ്റ്റസ് ആ വഴിക്ക് പോകുന്നു.
ഞാനൊന്ന് നോക്കി
അവള്‍ എന്നെയും നോക്കി
ഞങ്ങള്‍ ക്യുവിലുള്ളവര്‍ ഒന്നിച്ചു നോക്കി,
എന്തൊരഴക് എന്തൊരു ഭംഗി…
ഏയ്…. മാറ്ററീന്ന് പോയ്…
അവള്‍ കൂടെയുള്ളവരോട് എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്. എന്നെ പറ്റിയോ എന്റെ ഷഡ്ജത്തെ പറ്റിയോ ആവില്ല.. എന്ന് കരുതാം ല്ലേ.
അത് പറഞ്ഞപ്പോഴാ പൂര്‍വ്വസ്ഥാനത്തു വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന് ഓര്‍മ്മ വന്നത്. ഞാന്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാത്ത രീതിയില്‍ ദൂരേക്ക് നോക്കി നിന്ന് അരയില്‍ മെല്ലെ തപ്പി… ആദ്യത്തെ തപ്പലില്‍ കയ്യില്‍ തടഞ്ഞില്ല. ചുറ്റും തടവി നോക്കി.. രണ്ടാമത്തെ തപ്പലിലും തടഞ്ഞില്ല…. ഇല്ലാട്ടാ….! അതവിടെ കാണാനില്ല..!
സാധനം പിന്നെയും മിസ്സായിരിക്കുന്നു.
അനുസരണയില്ലാത്ത സാധനം ഇതെവിടെക്കാ ഈ പോകുന്നത്..?
ചുറ്റും തപ്പി നോക്കി. തലങ്ങും വിലങ്ങും മുന്നിലും പിന്നിലും തപ്പി. എന്റെ തപ്പല്‍ കണ്ട് പിറകെ വരിയില്‍ നില്‍ക്കുന്നയാള്‍ ചോദിച്ചു. എന്താ പോയത്..? എങ്ങിനെയാ ഇയാളെ പറഞ്ഞു മനസ്സിലാക്കുക..! ഞാന്‍ പറഞ്ഞു ‘ ഏയ്..ഒന്നൂല്ലാ..” അതോടെ തപ്പല്‍ നിറുത്തി..
എന്നാലും അതെവിടെ പോയി…?
ആളുകളുടെ നിര മുന്നോട്ട് പോകുംതോറും എന്റെ ചിന്തകള്‍ നഷ്ടപെട്ടതിനെ കുറിച്ചോര്‍ക്കുകയായിരുന്നു.
ചിന്താധീനനായി നില്‍ക്കുമ്പോള്‍ ഫേസ് ബുക്കില്‍ ഞാനൊരു സ്റ്റാറ്റസ് ഇട്ടു.. ‘റീച്ഡ് കൊച്ചിന്‍ ഫീലിംഗ് വിത്തൗട്ട്.’
എന്നാലും അതെവിടെ പോയി…?. ഞാന്‍ പിന്നിലേക്ക് നോക്കി ഇനി വല്ലിടത്തും വീണു പോയോ ആവോ.. ഇല്ല കാണുന്നില്ല.
വരി കൌണ്ടറിന്റെ അടുത്തു എത്താറായപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എന്റെ പാന്റ്‌സിന്റെ വലത്തെ കാലിനടിയില്‍ ഷൂവിനോട് ചേര്‍ന്ന് എന്തോ ഒന്ന് പുറത്തേക്ക് തള്ളി വരുന്നു. അതെ…! ലവന്‍ തന്നെ എന്റെ അരയില്‍ തിരികിയിരുന്ന ഷഡ്ജം. നടന്നപ്പോള്‍ ഊര്‍ന്നു ഒരു കാലിലൂടെ താഴേക്ക് വന്നു കൊണ്ടിരിക്കുന്നു.. ഇനി കുറച്ചു കൂടെ നടന്നാല്‍ അത് പുറത്തു ചാടും. പിന്നെയും നാണം കെടും.
ഞാന്‍ ഷൂവിന്റെ ലൈസ് കെട്ടാനെന്നപോലെ താഴെ ഇരുന്നു. മെല്ലെ പുറത്തേക്ക് വലിച്ചെടുത്തു എഴുന്നേറ്റു ധൃതിയില്‍ വീണ്ടും പോക്കറ്റില്‍ തിരുകി. എന്റെ പരുങ്ങല്‍ കണ്ടു പിന്നിലുള്ളവന്‍ വല്ലാത്തൊരു സംശയ ദൃഷ്ടിയോടെ എന്നെ നോക്കി. ഞാന്‍ വല്ല കള്ളക്കടത്ത് സാധനങ്ങളും ഒളിപ്പിച്ചതാണെന്നു കരുതിയിട്ടുണ്ടാവും. പാവം.
ഇനി ഒരാള്‍ കൂടി കഴിഞ്ഞാല്‍ എന്റെ ഊഴമാണ്. മാത്രവുമല്ല ഇപ്പോള്‍ വരിയില്‍ നിന്നും വാഷ് റൂമില്‍ പോയാല്‍ പിന്നെയും വരിയുടെ അവസാനം ചെന്ന് നില്‍ക്കേണ്ടി വരും. സമയനഷ്ടം. എന്തായാലും അത് പോക്കെറ്റില്‍ തന്നെ ഇരിക്കട്ടെ..
എമ്മിഗ്രേശന്‍ ക്ലിയറന്‍സ് കഴിഞ്ഞു. ഇനി അടുത്തത് കസ്റ്റംസ് ഗേറ്റ് കടക്കല്‍ ആണ്.. എന്തായാലും അരയില്‍ കിടക്കേണ്ടത് പോക്കെറ്റില്‍ കിടന്നത് കൊണ്ടൊന്നും ”ബീപ്” അടിക്കില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് ടെന്‍ഷന്‍ ഉണ്ടായില്ല.
പക്ഷെ, മുന്നോട്ടു നടക്കുന്നതിനിടയില്‍ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വന്നു എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു. ഒരു ഹാന്‍ഡ് ലഗ്ഗെജു പോലും കയ്യിലില്ലാത്ത എന്നെ എന്തിനിവര്‍ക്ക്..? ഇപ്പൊ ഞാന്‍ ടെന്‍ഷനിലായി.. കൂടെ പോയി. സെക്യൂരിറ്റി റൂമില്‍ എത്തിയ ഉടനെ അവര്‍,
” വരിയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ ഷൂവിന്റെ ഉള്ളില്‍ നിന്നും എടുത്ത് പോക്കറ്റില്‍ വച്ച ആ സാധനം എന്താണ്..?” എന്ന് ചോദിച്ചു.
പകച്ചു പോയി ഞാന്‍. ദൈവമേ എന്തെല്ലാം പരീക്ഷണങ്ങള്‍ ഒരു പ്രവാസിക്ക്. ഞാന്‍ ”ഒന്നുമില്ല” എന്ന് ചുമല് കുലുക്കി പറഞ്ഞു.
”സത്യം പറയണം ഞങ്ങള്‍ സി.സി.ടി.വിയിലൂടെ കണ്ടതാണല്ലോ” എന്നവര്‍.
‘അതൊന്നുമില്ല…’ എന്ന് പിന്നെയും ഞാന്‍.
” അപ്പോള്‍ ആ പോക്കെറ്റില്‍ തള്ളി നില്‍ക്കുന്നത് എന്താ..?
ഞാന്‍ വല്ലാതെ പരുങ്ങി.. എന്റെ പരുങ്ങല്‍ കണ്ടപ്പോള്‍ അയാള്‍ തന്നെ പോക്കെറ്റില്‍ കയ്യിടാന്‍ തുനിഞ്ഞു.
ഞാന്‍ പറഞ്ഞു. ‘ ഏയ്… വേണ്ടാ ഞാന്‍ തന്നെ എടുത്തു തരാം..” അതും പറഞ്ഞു പോക്കറ്റില്‍നിന്നും മെല്ലെ വലിച്ചെടുത്തു.
ഒറ്റനോട്ടത്തില്‍ അവര്‍ക്ക് കാര്യം മനസ്സിലായില്ല. അവര്‍ അത് മേശപ്പുറത്തു വക്കാന്‍ പറഞ്ഞു.
”അതിന്റെയൊന്നും ആവശ്യമില്ല..” എന്നും പറഞ്ഞു അത് നിവര്‍ത്തി കാണിച്ചു കൊടുത്തനേരം അയാളുടെ മുഖത്തുണ്ടായ ഭാവമാറ്റം.
എന്ത് പറയണം എന്നറിയാതെ അയാളും എങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ ഞാനും കുറച്ചു നേരം മുഖത്തോടു മുഖം നോക്കി നിന്നൂ.
വീണ്ടും പോക്കറ്റില്‍ തിരുകിയ ഷഡ്ജവുമായി എന്റെ യാത്ര തുടര്‍ന്നു.
ഒടുവില്‍ ലഗേജുകള്‍ എടുത്തതിനു ശേഷം ട്രോളി ഉന്തി പുറത്ത് വരുമ്പോള്‍ ഉറ്റവരെ കാത്തു നില്‍ക്കുന്നവരുടെ നീണ്ടനിര. തിക്കും തിരക്കിനുമിടയില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന എന്റെ പ്രിയതമയെയും അവളുടെ ഒക്കത്തിരിക്കുന്ന മോളെയും കൂടെവന്ന അനുജനെയും കണ്ടു. അവരുടെ അടുത്തെത്തിയപ്പോള്‍ അനിയന് ഹസ്തദാനം ചെയ്തു കെട്ടിപിടിച്ചു. മകളെ വാരിയെടുത്തു നെഞ്ചിലെടുത്തു. ഭാര്യയെ നെഞ്ചോടു ചേര്‍ത്തത് പിടിച്ചു. ട്രോളിയുടെ നിയന്ത്രണം അനിയന്‍ ഏറ്റെടുത്തു മുന്നോട്ടു നീങ്ങി കഴിഞ്ഞു. അല്ലെങ്കിലും ഇനി അതില്‍ എനിക്ക് അവകാശമില്ലല്ലോ..!
വണ്ടിയിലെ പിന്നിലെ സീറ്റില്‍ ഞാനും അവളും വിരലുകള്‍ കോര്‍ത്തിരിക്കുമ്പോള്‍ രണ്ടു വര്‍ഷം നീണ്ട പ്രവാസം നിഷേധിച്ച സ്വന്തം സ്ത്രീയുടെ മദിപ്പിക്കുന്ന ഗന്ധം അടിവയറ്റില്‍ ചലനങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചു.
അപ്പോഴാണ് വീര്‍ത്തിരിക്കുന്ന എന്റെ മുന്‍ഭാഗം അവളുടെ ശ്രദ്ദയില്‍ പെട്ടത്.. അവളുടെ കണ്ണില്‍ ഒരു പ്രത്യേക തിരയിളക്കം കണ്ടു.
ഏയ്…ഇതതല്ല….!
എനിക്ക് മനസ്സിലായി അവള്‍ തെറ്റിദ്ധരിച്ചു കഴിഞ്ഞു..എന്ന്..
അവള്‍ കണ്ണോണ്ട് ആംഗ്യത്തില്‍ ചോദിച്ചു..പിന്നെ അതെന്താണ്.. ഏയ് അതല്ലെന്ന് തലയാട്ടി ഞാനും ആംഗ്യം കാണിച്ചു. എന്നിട്ട് മെല്ലെ കൈ പോക്കെറ്റില്‍ കൊണ്ട് പോയി..ഉള്ളിലിരിക്കുന്ന ഷഡ്ജത്തെ പുറത്തേക്ക് വലിച്ചു. കാര്യം എന്താണ് എന്ന് മനസ്സിലാകാത്ത പകപ്പ് അവളുടെ കണ്ണുകളില്‍ കണ്ടു. സംഭവം തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ കാതില്‍ സ്വകാര്യം പോലെ ഒരു ചോദ്യം..
”ഇതൊക്കെ അവിടുന്നെ ഊരി കൈയ്യില്‍ പിടിച്ചിരിക്കുകയാണോ…!? ഇത്ര ആക്രാന്തമെന്തിനാ മനുഷ്യാ…”
തെറ്റിദ്ധാരണകള്‍ ഏറ്റു വാങ്ങാന്‍ പ്രവാസിയുടെ ജീവിതം പിന്നെയും ബാക്കി.
(ഒരു വാട്‌സ്ആപ്പ് സന്ദേശം)
Post Your Comments