ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് വധഭീഷണി. വീടിനു നേരെ രണ്ട് തവണയാണ് ആക്രമണം നടന്നത്. ബാങ്കിലെ കോടികളുടെ ക്രമക്കേട് കണ്ടുപിടിച്ചത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വധഭീഷണി ഉണ്ടായത്. ഇതേ തുടര്‍ന്ന് മാവേലിക്കര താലൂക്ക് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സംരക്ഷണത്തിനായി പൊലീസിനെ സമീപിച്ചു. കഴിഞ്ഞ മാസം ബാങ്കിന്‍റെ തഴക്കര ശാഖയില്‍നിന്ന് മുപ്പതുകോടി രൂപയുടെ ക്രമക്കേട് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു.
കോടികളുടെ ക്രമക്കേട് നടന്നത് കോൺഗ്രസിന്‍റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കിലാണ്. പത്ത് ശാഖകളുള്ള മാവേലിക്കര താലൂക്ക് സർവീസ് സഹകരണബാങ്കിന്‍റെ തഴക്കര ശാഖയില്‍ മുപ്പതുകോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. സഹകരണ വകുപ്പ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ഇതിനിടയില്‍ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യുവിന്‍റെ വീടിനുനേരെ രണ്ടുതവണ ആക്രമണമുണ്ടായി. തുടര്‍ന്നാണ് ഇവര്‍ പൊലീസ് സംരക്ഷണം തേടിയത്.
ക്രമക്കേട് നടന്ന ബ്രാഞ്ചില്‍ തന്നെ കയറ്റാറില്ലായിരുന്നു. മാത്രമല്ല പരിശോധനകളിൽ നിന്നും ബാങ്ക് പ്രസിഡണ്ട് തന്നെ വിലക്കിയിരുന്നെന്നും സെക്രട്ടറി വെളിപ്പെടുത്തി. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രാഞ്ച് മാനേജറായിരുന്ന ജ്യോതി മധു അമ്പതുലക്ഷം രൂപ തിരിച്ചടച്ചു. എന്നാല്‍ അമ്പതുകോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് സൂചന. ബ്രാഞ്ച് മാനേജര്‍ക്ക് പുറമെ രണ്ട് കാഷ്യര്‍മാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments