എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന്റെ ഔദ്യോഗിക കസേര എടുത്തുകൊണ്ടുപോയി പുറത്തിട്ട് കത്തിച്ച സംഭവം അക്ഷരാർഥത്തിൽ സിപിഎം വെച്ചുപുലർത്തുന്ന അസഹിഷ്ണുതയുടെ വിരാട് പ്രദർശനമായി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കോളേജിലെ പ്രധാനാധ്യാപികക്കെതിരെയാണ് ഈ നാണം കേട്ട നടപടി എന്നത് പറയാതെവയ്യ. പ്രിൻസിപ്പൽ എന്ന നിലക്ക് അവർ എന്ത് തെറ്റ് ചെയ്താലും ഇതല്ല അതിനോടുള്ള പ്രതികരണം. കലാലയത്തിൽ ആൺകുട്ടികളും പെൺകുട്ടികളും പുലർത്തേണ്ട ചില മര്യാദകളെ സംബന്ധിച്ച് സൂചിപ്പിച്ചതാണത്രേ ഈ പ്രതികരണത്തിന് കാരണം. കസേരയെടുക്കാൻ ചില കുട്ടികൾ ചെല്ലുമ്പോൾ പ്രിൻസിപ്പൽ അവരുടെ ഓഫിസിൽ ഇല്ലായിരുന്നു. അത് ഭാഗ്യമായി കാണുന്നയാളാണ് ഞാൻ. അവർ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷെ ഇക്കൂട്ടർ അവരെയും എടുത്തുകൊണ്ടുവന്ന് കത്തിക്കുമായിരുന്നില്ലേ?. ഇതിനെ അസഹിഷ്ണുത എന്നൊക്കെ പറഞ്ഞു ചുരുക്കമോ എന്നറിയില്ല. ഇത് അക്ഷരാർഥത്തിൽ ഒരു തരാം ഭീകരതയാണ്. കാമ്പസ് ഭീകരത. സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത് എന്നതാണ് ഏറെ പ്രധാനം.
ഇതാദ്യ സംഭവമല്ല. ഏതാനും മാസം മുൻപാണ് പാലക്കാട്ടെ വിക്ടോറിയ കോളേജ് പ്രിൻസിപ്പലിനെതിരെ ഇക്കൂട്ടർ നടത്തിയത് എന്തൊക്കെയാണ് എന്നത് ഏവർക്കുമറിയാം. എൻ സരസു എന്ന പട്ടികജാതിക്കാരിയായ പ്രിൻസിപ്പലിന്റെ ശവകുടീരം തീർക്കാനാണ് അവിടെ എസ്എഫ്ഐ തയ്യാറായത്. തങ്ങൾ പറയുന്നതിനനുസരിച്ചു പ്രിൻസിപ്പൽ പ്രവർത്തിക്കാതിരുന്നതിനുള്ള ശിക്ഷയായിരുന്നു അത്. ഇതൊക്കെ തങ്ങൾക്കു ഭൂഷണമാണോ എന്ന് സിപിഎം ചിന്തിക്കണം എന്ന് പറയുന്നതിൽ കാര്യമില്ലെന്നറിയാം.
ഇവിടെ നമുക്ക് കാണാതെ പോകാനാവാത്ത ഒരു സംഭവം കൂടിയുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജിൽ നടക്കുന്നതായി പുറത്തുവന്ന കാര്യങ്ങൾ. അവിടത്തെ പ്രിൻസിപ്പലിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികർ അനിശ്ചിതകാല സമരത്തിലാണ്. ഇതേ കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായിരുന്ന ഡോ. നാരായണൻ നായർ സാറിനെ ബഹുമാനത്തോടെയേ എനിക്ക് എന്നുംകാണാൻ കഴിയൂ. അദ്ദേഹത്തിന്റെ ഔദാര്യം കൊണ്ട് നിയമപഠനം പൂർത്തിയാക്കിയയാളാണ് ഞാൻ എന്നതും മറച്ചുവെക്കുന്നില്ല.എന്നാൽ ഇന്നവിടെ എന്തൊക്കെയോ നടക്കുന്നു എന്ന് കേൾക്കുന്നു. അതിൽ കോളേജിന്റെ സ്ഥലവും മറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമാണെങ്കിലും അതവിടെ നിൽക്കട്ടെ. പ്രിൻസിപ്പൽ കുട്ടികളോട് പെരുമാറുന്ന രീതിയെക്കുറിച്ചും ജാതി ചോദിക്കുന്നതിനെക്കുറിച്ചും ഒക്കെ പുറത്തുവരുന്ന അഭിപ്രായങ്ങൾ സത്യത്തിൽ ഞെട്ടിച്ചു. അതൊക്കെ ടിവി ചാനലുകളിൽചർച്ചയായിട്ടുണ്ട് ; നാടെങ്ങും അത് വർത്തയായിട്ടുണ്ട്. രഹസ്യമല്ല. എന്നിട്ടും എസ്എഫ്ഐക്കാർ നാവനക്കിയിട്ടില്ല. അതിന്റെ പത്തിലൊന്ന് പോലും നമ്മുടെ മഹാരാജാസിലെ പ്രിൻസിപ്പൽ പറഞ്ഞിട്ടില്ല, ഉദ്ദേശിച്ചിട്ടില്ല. കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധം കൊണ്ടാണോ ആവോ അറിയില്ല. യഥാർഥത്തിൽ വാർത്തകൾ ശരിയെങ്കിൽ, എതിർപ്പുള്ളവരെ തീയിടുന്നതാണ് സംസ്കാരവും സമ്പ്രദായവും എങ്കിൽ, ആദ്യം തീവെക്കേണ്ടിയിരുന്നത് പേരൂർക്കടയിലല്ലേ ?. പേരൂർക്കടയിൽ ഒരു നയവും എറണാകുളത്തു മറ്റൊരു നിലപാടും എന്ന് എങ്ങിനെ പറയാൻ കഴിയും?.
ജെഎൻയുവിൽ നാം പലതും കാണുകയും കേൾക്കുകയും ചെയ്തു. അതിന്റെ പേരിൽ എന്തൊക്കെ ബഹളത്തിനാണ് സിപിഎം നേതാക്കൾ തയ്യാറായത്. എന്തിനേറെ ദേശീയഗാനം ചൊല്ലണം എന്ന് പറയുന്നതിന്റെ പേരിൽ അവരുണ്ടാക്കിയ പൊല്ലാപ്പ് ഇനിയും കെട്ടടങ്ങിയിട്ടില്ല.
ഇവിടെ നമ്മുടെ മുഖ്യമന്ത്രിയോട് ഒരു അഭ്യർഥനയുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളും അക്രമങ്ങളും സിപിഎമ്മിന്റെ മാത്രമല്ല, അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെയും ഉള്ള ‘ഇമേജ് ‘ തകർക്കുകയാണ്. ( ഇമേജ് ഉണ്ട് എന്ന് സിപിഎം പറയുന്നത് കണക്കിലെടുത്താണിത്). ഇതൊക്കെ കണ്ടില്ലെന്നു നടിക്കാൻ ശ്രമിച്ചാൽ അത് താങ്കളെ കൂടുതലായി ഒറ്റപ്പെടുത്തും. കൂടെ നിൽക്കുന്നവരെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ മുഖ്യമന്ത്രിക്ക് വന്നുചേരുന്നുവോ എന്നത് പൊതുവെ നാട്ടിൽ സംസാരമാണ്. ധനകാര്യ മന്ത്രി തോമസ് ഐസക് നടത്തിയ ചില പ്രസ്താവനകൾ സർക്കാരിന്റെ ദയനീയതയിലേക്കാണ് വിരൽ ചൂണ്ടിയത്. അതിനപ്പുറമാണ് ഇപ്പോഴുണ്ടായിട്ടുള്ള പെൻഷൻ വിവാദങ്ങൾ. ഈ സാമ്പത്തിക വർഷം പ്ലാൻ വിഹിതത്തിൽ എത്രയാണ് ചെലവിട്ടത് എന്നതും പുറത്തുവരുന്നു. എന്താണ് അത് നൽകുന്ന സൂചന?. ഇവിടെ ഒന്നും ഈ സർക്കാരിന് കീഴിൽ നടക്കുന്നില്ല എന്നതുതന്നെയല്ലേ ?. അതിനൊക്കെ പിന്നാലെയാണ് , സ്വാഭാവികമായും, കൊലപാതക രാഷ്ട്രീയം . സ്കൂൾ യുവജനോത്സവം നടക്കവേ കണ്ണൂരിൽ ആർ എസ് എസ് – ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിനും ആർ എസ് എസ് കാര്യാലയത്തിന് നേരെ അക്രമണത്തിനുമൊക്കെ തയ്യാറാവുന്നത് താങ്കളുടെ സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കാൻ ഉദ്ദേശിച്ചാണ് എന്നാരെങ്കിലും പറയുമെന്ന് തോന്നാനാവുമോ?. സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നത് മുഖ്യമന്ത്രിയോട് ഞാൻ പറയേണ്ടതില്ല എന്നറിയാം.
ഇതിനെല്ലാമൊപ്പം ഒരു കാര്യം കൂടി പറയാതെ പോകുന്നത് ശരിയല്ലെന്ന് തോന്നുന്നു. എറണാകുളത്ത് നമ്മുടെ സിനിമ കലാകാരൻമാർ ഒരു പ്രതിജ്ഞക്കായി അണിനിരന്നതിനെക്കുറിച്ചാണ് . എംടിയെയും കമലിന്റെയും ചിലർ ആക്ഷേപിച്ചതിൽ പ്രതിഷേധിക്കാനായിരുന്നു അത്. നല്ലതുതന്നെ. അത്തരം സാംസ്കാരിക കൂട്ടായ്മകൾ കൂടുതലായി നടക്കുന്നതും നല്ലതാണു എന്നുവേണമെങ്കിൽ പറയാം. സാംസ്കാരിക നായകന്മാരാണല്ലോ ഒത്തുചേരുന്നത് . പക്ഷെ അവർ അതിനൊപ്പം തൊട്ടടുത്ത് മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും ഓർക്കേണ്ടതായിരുന്നില്ലേ. അതിൽ ഒരു അസഹിഷ്ണുതയുടെ അംശം ഉണ്ടായതായി കാണാതെ പോയതെന്താണ്?. അന്നുതന്നെയാണ് കണ്ണൂരിൽ, സ്കൂൾ യുവജനോത്സവം നടക്കുന്നതിനിടെ, ബിജെപിക്കാരനായ ഒരു യുവാവ് മൃഗീയമായി കൊലചെയ്യപ്പെട്ടത് . അത് ബിജെപിക്കാരനായതിനാൽ കേട്ടില്ല കണ്ടില്ല എന്ന് വെക്കണമെങ്കിൽ ആവാം. പക്ഷെ മഹാരാജാസിലെ പ്രിൻസിപ്പൽ പഴയകാല ഇടത് സഹയാത്രികയായിരുന്നു എന്നതെങ്കിലും കണക്കിലെടുക്കാമായിരുന്നില്ലേ?. സിനിമയുടെയോ മറ്റെന്തിന്റെയോ പേരിലായാലും, കാര്യങ്ങൾ എന്തായാലും, പരസ്യമായി രാഷ്ട്രീയം കളിയ്ക്കാൻ താരങ്ങളും മറ്റും തയ്യാറാവുന്നത് ഗുണകരമാവുമോ എന്നതും ചർച്ചചെയ്യപ്പെടണം. ഇത്തരക്കാരെ ‘മാർക്ക്’ ചെയ്യാനും അവരെ ബഹിഷ്കരിക്കാനും മറ്റൊരു രാഷ്ട്രീയകക്ഷി ആഹ്വാനം ചെയ്താലോ……….?. കേരളത്തിൽ എല്ലാ വിഭാഗത്തിന്റെയും പിന്തുണയും സഹായവുമില്ലാതെ ഒരു സിനിമയും വലിയതോതിൽ വിജയിക്കില്ല, അല്ലെങ്കിൽ വിജയിച്ചിട്ടില്ല, എന്നത് എല്ലാവരും ഓർമ്മിക്കുന്നതും നല്ലതാണു എന്നാണ് തോന്നുന്നത്.
Post Your Comments