തിരുവനന്തപുരം: കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുള്ള സ്വത്ത് ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ തീരുമാനം.ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്നടത്താനാവൂ എന്ന നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. വസ്തു കച്ചവടത്തിന് പണം കൊടുത്തവരെല്ലാം കുടുങ്ങും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
2015 ജൂണ്‍ ഒന്നിനാണ് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്.എസ്. ഭേദഗതി നിലവില്‍ വന്നത്. ഇതിനുശേഷം രജിസ്റ്റര്‍ചെയ്ത ആധാരങ്ങളാണ് പരിശോധിക്കുക. പിഴ അടപ്പിക്കാന്‍ തീരുമാനിച്ചാല്‍ വന്‍കിടക്കാരും സാധാരണക്കാരുമായ ഒട്ടേറെപ്പേര്‍ കുടുങ്ങും. ഭൂമി ഇടപാടുകളില്‍ അഡ്വാന്‍സ് തുക കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും രൊക്കമായി കൈപ്പറ്റിയെന്ന് എഴുതി നല്‍കിയാണ് ഇപ്പോഴും രജിസ്ട്രേഷനുകളധികവും നടക്കുന്നത്. ഇത് നിയമപ്രകാരം തെറ്റാണ്. അതുകൊണ്ട് തന്നെ പിഴ അടപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഒട്ടേറെപ്പേര്‍ക്ക് പണം നഷ്ടമാകും. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജില്ലയിലെ സബ് രജിസ്ട്രാര്‍മാര്‍ക്ക് ആദായനികുതിവകുപ്പ് ഇതുസംബന്ധിച്ച ക്ലാസ് നല്‍കിയിരുന്നു. ഇടപാടുകള്‍ കര്‍ശനമായി ബാങ്ക് മുഖേനയാക്കാനും നിര്‍ദേശിച്ചു. ഇതിനുശേഷം ചില രജിസ്റ്റര്‍ ഓഫീസുകളില്‍ 20,000 രൂപയ്ക്കുമുകളില്‍ നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ വിലക്കി. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ പരാതികളെത്തുടര്‍ന്ന് രജിസ്ട്രേഷന് വീണ്ടും പഴയരീതിയിലാകുകയായിരിന്നു.
2015 ഏപ്രിലിനുശേഷം സംസ്ഥാനത്ത് നടന്നത് പതിമൂന്നരലക്ഷം രജിസ്ട്രേഷനുകളാണ്. ഇതില്‍ 20,000 രൂപയ്ക്കുമുകളില്‍ ഡ്രാഫ്റ്റോ, ചെക്കോ, ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ വഴിയോ നടന്നിട്ടുണ്ടെന്ന് കരുതുന്നത് 10 ശതമാനംമാത്രമാണ്. 2015 ഏപ്രില്‍മുതല്‍ 2016 ഏപ്രില്‍വരെ 7.26 ലക്ഷം രജിസ്ട്രേഷനുകള്‍ നടന്നു. സ്റ്റാമ്പ് ഡ്യൂട്ടിയായി ലഭിച്ചത് 1707 കോടി രൂപ. ഫീസായി 823.48 കോടിയുമാണ്.ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ആറുശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. അത് കഴിഞ്ഞ ബജറ്റില്‍ എട്ടുശതമാനമായി ഉയര്‍ത്തി. ഈ കാലയളവില്‍ നടന്നത് ചുരുങ്ങിയത് 35,000 കോടി രൂപയുടെ ഭൂമി രജിസ്ട്രേഷനാണെന്നും കണക്ക് വ്യക്തമാക്കുന്നു. ഇവയെല്ലാം ആദായ നികുതി വകുപ്പ് പരിശോധിക്കും. 20,000 രൂപയ്ക്കുമുകളില്‍ പണമായി നേരിട്ട് സ്വീകരിച്ച് ഇടപാട് നടത്തിയവര്‍ക്ക് കനത്ത പിഴയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 20,000 രൂപയ്ക്കുമുകളില്‍ സ്വീകരിച്ച തുകയ്ക്ക് തുല്യമായ പിഴ അടയ്ക്കേണ്ടിവരും. നോട്ട് അസാധുവാക്കിയ ശേഷം പത്ത് ലക്ഷമോ അതില്‍ കൂടുതലോ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ 15 ദിവസത്തിനകം പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനൊപ്പമാണ് സ്വത്ത് കൈമാറ്റവും പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments