തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ വര്‍ധിച്ചുവരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സിലൂടെ ജെല്ലിക്കെട്ട് നിയമവിധേയമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പരമ്പരാഗത കായിക ഇനമാണ് ജെല്ലിക്കെട്ടെന്നും സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ ജെല്ലിക്കെട്ട് സംരക്ഷിക്കപ്പെടണമെന്നും നിഷ്‌കര്‍ഷിക്കുന്നതാണ് ഓര്‍ഡിനന്‍സ്. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര നിയമ – സാംസ്‌കാരിക – പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിക്കുശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് നിയമമാകും. അതേസമയം ജെല്ലിക്കെട്ട് സംബന്ധിച്ചു സുപ്രീംകോടതി വിധി പറയാനിരിക്കുന്നതേ ഉള്ളൂ എന്നതിനാല്‍ ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുമോ എന്ന സംശയവും ബാക്കി നില്‍ക്കുന്നതായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്യാം ദേവരാജ് വ്യക്തമാക്കുന്നു. ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിന്റെ സങ്കീര്‍ണ്ണതകളായി ശ്യാം ചൂണ്ടിക്കാട്ടുന്നത് ഇവയാണ്.
1. ജെല്ലിക്കെട്ട് കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുന്നു. വിധിയുടെ കരട് സുപ്രിംകോടതി ഇതിനകം തയ്യാറാക്കിയിട്ടുണ്ടാവും.
2. ജെല്ലിക്കെട്ടിന്മേലുള്ള നിരോധനം സുപ്രിംകോടതി നിലനിര്‍ത്തിയാല്‍ മാത്രമേ ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യമുള്ളൂ. നിരോധനം നീക്കുകയും കര്‍ശന ഉപാധികളോടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയാലും ഓര്‍ഡിനന്‍സിന് നിലനില്‍പ്പില്ലാതാവും.
3. സുപ്രീംകോടതി വിധി പറയാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് നിയമ നടപടികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. എക്സിക്യൂട്ടീവിന്റെ നിയമ നിര്‍മ്മാണാധികാരം ജുഡീഷ്യറിയെ മറികടക്കുന്നതിനുള്ള സംവിധാനമായി ഉപയോഗപ്പെടുത്തുന്നു എന്ന് ഒരിക്കല്‍ക്കൂടി വിലയിരുത്തപ്പെടും.
4. ഓര്‍ഡിനന്‍സിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ജെല്ലിക്കെട്ടിനെതിരെ നിലപാടെടുക്കുമെന്നാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയും പറയുന്നത്.
5. ഭരണഘടനയുടെ 13-ാം അനുച്ഛേദം അനുസരിച്ചാവും ഓര്‍ഡിനന്‍സ് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുക. ജുഡീഷ്യല്‍ റിവ്യൂ അധികാരം ഉപയോഗിച്ച് സുപ്രിംകോടതിക്ക് ഓര്‍ഡിനന്‍സിന്റെ നിയമ സാധുത പരിശോധിക്കാം.
ഇതുസംബന്ധിച്ചു ശ്യാം ദേവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
Post Your Comments