ഹൂബ്ലി: കര്‍ണാടക ഹൂബ്ലിയിലെ റൊട്ടി ഘര്‍ എന്ന ഭക്ഷണശാല മറ്റു ഭക്ഷണശാലകളിൽ നിന്ന് തികച്ചും വ്യത്യസ്തമാകുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ‘റൊട്ടി വീട്ടില്‍’ നിന്നും പാവങ്ങള്‍ക്ക് ഒരു രൂപയ്ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇവിടെ നിന്ന് റൊട്ടി, ചോറ്, പച്ചക്കറി കൊണ്ടുള്ള കറി എന്നിവയടങ്ങുന്നതാണ് ഈ ഒരു രൂപ ഉച്ച ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ജിലേബി പോലുള്ള എന്തെങ്കിലും മധുര പലഹാരങ്ങളും റൊട്ടിക്കൊപ്പം ഉണ്ടാവും. മഹാവീര്‍ യൂത്ത് ഫെഡറേഷനാണ് ഈ സംരംഭത്തിന് പിന്നില്‍. സമൂഹത്തില്‍ നിന്ന് വിശപ്പിനെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നില്‍.
വീട്ടില്‍ ഉള്ളതുപോലുള്ള ഭക്ഷണമാണിവിടെയുള്ളതെന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ പറയുന്നു. നേരത്തെ മഹാവീര്‍ യൂത്ത് ഫൗണ്ടേഷന്‍ ഒരു ആശുപത്രി തുടങ്ങിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരെ കിട്ടാത്തതിനെത്തുടര്‍ന്ന് അത് അടച്ചുപൂട്ടുകയായിരുന്നു. റൊട്ടി വീട്ടിലുള്ളവര്‍ ഒരിക്കലും പണം കൈകൊണ്ട് സ്വീകരിക്കാറില്ല. പകരം കഴിക്കാന്‍ വരുന്നവര്‍ സ്ഥാപനത്തില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ ഒരു രൂപ നിക്ഷേപിക്കുകയാണ് വേണ്ടത്.തേജ്‌രാജ് ജയിനാണ് റൊട്ടി ഘറിന്റെ പ്രസിഡന്റ്. ബസവരാജ് മെനസിനകൈ, ഗൗരമ്മാ തൊട്ടഗേരി, സാവിത്രാമ്മ എന്നിവര്‍ക്കാണ് ഉപഭോക്താക്കളെ പരിചരിക്കേണ്ട ചുമതല.
Post Your Comments