ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കംവരുന്നത് സാധാരണയാണ്. ഭക്ഷണത്തിന് ശേഷം ഒരാള്‍ക്ക് ഉറക്കം വരുന്നതിന് വിവിധ കാരണങ്ങളുണ്ടെന്നും നോയിഡയിലെ സുമിത്ര ഹോസ്പിറ്റലിലെ എംബിബിഎസും മെഡിസിന്‍ ഡയറക്ടറുമായ ഡോ. അങ്കിത് ഗുപ്ത പറയുന്നു. നമ്മുടെ ശരീരത്തിന് സര്‍ക്കാഡിയന്‍ റിഥം എന്നറിയപ്പെടുന്ന ഒരു സ്വാഭാവിക ജൈവഘടികാരം ഉണ്ട്. അതാണ് നമ്മുടെ ഉറക്ക-ഉണര്‍വ് ചക്രത്തെ നിയന്ത്രിക്കുന്നത്.
സാധാരണഗതിയില്‍, ഉച്ചതിരിഞ്ഞ് ഒരു മനുഷ്യന്റെ ഉഷാറിലും ഊര്‍ജ്ജ നിലയിലും സ്വാഭാവികമായ കുറവുണ്ടാകും. ഇതിനെ പലപ്പോഴും ‘ഉച്ചമയക്കം’ എന്നാണ് വിളിക്കുന്നത്. സര്‍ക്കാഡിയന്‍ റിഥത്തിന്റെ ഒരു ഭാഗമായ ഇത് നമ്മളെ ഉറക്കത്തിലേക്ക് നയിക്കുന്നു.
ദഹനം
ദഹനമാണ് മറ്റൊരു കാരണമായി പറയുന്നത്. ‘ഭക്ഷണം കഴിച്ചതിനുശേഷം, നിങ്ങളുടെ ശരീരം രക്തയോട്ടത്തെ ദഹനവ്യവസ്ഥയിലേക്ക് വഴിതിരിച്ചുവിടുന്നു. രക്തത്തിന്റെ ഈ വഴിതിരിച്ചുവിടല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഇത് മനുഷ്യന്റെ താല്പര്യങ്ങള്‍ക്ക് കുറവുവരുത്തുകയും മയക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ തരവും നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
ഉരുളക്കിഴങ്ങ്, റൊട്ടി, അരി അല്ലെങ്കില്‍ പാസ്ത പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളും പഞ്ചസാരയുടെ അംശമുള്ളവ (പിസ, പേസ്ട്രികള്‍ പോലെയുള്ളവ) എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ധിക്കുന്നതിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഈ വര്‍ധനവിന് ശേഷം ഊര്‍ജ്ജ നിലയിലുണ്ടാകുന്ന കുറവ്, ക്ഷീണം അനുഭവപ്പെടുന്നതിലേക്ക് നയിക്കുന്നു. കൂടാതെ കട്ടിയുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ദഹനത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വന്നേക്കാം. ഇതും ഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിന് കാരണമാകുന്നു.
ഹോര്‍മോണ്‍ വ്യതിയാനം
ചില ഭക്ഷണം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍, സെറോടോണിന്‍ എന്നിവയുള്‍പ്പെടെ വിവിധ ഹോര്‍മോണുകളുടെ പ്രകാശനത്തിന് കാരണമാകുന്നു. ഇത് വലിയ രീതിയില്‍ ഒരു മനുഷ്യന്റെ മാനസികാവസ്ഥയെയും ഊര്‍ജ്ജ നിലയെയും സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, സെറോടോണിന്റെ പ്രകാശനം വിശ്രമത്തിന്റെയും മയക്കത്തിന്റെയും മനോഭാവത്തെ പ്രോത്സാഹിപ്പിക്കും.
സെറോടോണിനെ പ്രോത്സാഹിപ്പിക്കുന്ന വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങള്‍…
1. മുട്ട
2. ചീസ്
3. കൈതച്ചക്ക
4. ടൊഫു
5. സാല്‍മണ്‍
6. നട്‌സ്
7. ടര്‍ക്കി
ഈ ഭക്ഷണങ്ങള്‍ സെറോടോണിനെ പ്രോത്സാഹിപ്പിക്കുന്നു. തലേദിവസം രാത്രി വേണ്ടത്ര ഉറക്കം ലഭിക്കാത്തതും ഉച്ചഭക്ഷണത്തിന് ശേഷവും പകല്‍ സമയത്തും നിങ്ങള്‍ക്ക് ഉറക്കം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചൂടുള്ള അന്തരീക്ഷം, സുഖപ്രദമായ കസേര അല്ലെങ്കില്‍ കിടക്ക, അല്ലെങ്കില്‍ ശാന്തമായ അന്തരീക്ഷം എന്നിവയും ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ നിങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കുന്നതായി ഡോ. അങ്കിത് പറയുന്നു.
Post Your Comments