ന്യൂഡല്‍ഹി•യുദ്ധമുണ്ടായാല്‍ 48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പറന്നിറങ്ങുമെന്ന ഭീഷണിയുമായി ചൈനീസ് ടെലിവിഷന്‍ ചാനല്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള ശത്രുത പരസ്യമായ രഹസ്യമല്ല. 1962 ലെ യുദ്ധാനന്തരം പരിഹരിക്കപ്പെടാത്തതായി ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലുമുണ്ട്. ഇടയ്ക്കിടെ ഇന്ത്യ ചൈന അസ്വാരസ്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാറുമുണ്ട്. ഇതിനിടെയാണ് പ്രകോപനപരമായ പ്രസ്താവനയുമായി ചൈനീസ് സര്‍ക്കാര്‍ മാധ്യമം രംഗത്തെത്തിയിരിക്കുന്നത്.
യുദ്ധമുണ്ടായാല്‍ 48 മണിക്കൂര്‍ കൊണ്ട് സായുധരായ ചൈനീസ് സൈന്യവും 10 മണിക്കൂര്‍ കൊണ്ട് അതിന്റെ പാരച്യൂട്ട് ഭടന്‍മാരും ഡല്‍ഹിയില്‍ ഇറങ്ങുമെന്നുമാണ് ചൈനീസ് ടി.വി പറഞ്ഞത്.
യുക്തിപരമായി ചൈനീസ് ചാനലിന്റെ പരാമര്‍ശം വിഡ്ഢിത്തരമാണെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഒരു തരത്തിലും 48 മണിക്കൂര്‍ കൊണ്ട് ചൈനീസ് സൈന്യത്തിന് ഡല്‍ഹിയില്‍ എത്താന്‍ കഴിയില്ല. ഇന്ത്യന്‍ ഭൂപ്രകൃതിയും സൈനികാരും അവര്‍ക്ക് പ്രതിരോധം തീര്‍ക്കും.
അതേസമയം, ചൈനീസ് ചാനലിന്റെ പ്രസ്താവന കേട്ട് ചിരിച്ച് മറിയുകയാണ് ഇന്ത്യക്കാര്‍. ചാനലിന്റെ വിഡ്ഢിത്തം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്ത് ആഘോഷമാക്കുകയും ചെയ്തു. ചൈനീസ് ടെലിവിഷന്റെ എഡിറ്ററായി ഏതോ പാക്കിസ്ഥാന്‍ കാരനെ നിയമിച്ചതായാണ് തോന്നുന്നത്, ഡല്‍ഹിക്കു ചുറ്റും അഴിയാത്ത ട്രാഫിക് കുരുക്കാണെന്ന് ചൈനക്കാര്‍ അറിഞ്ഞിട്ടില്ല, മേഡ് ഇന്‍ ചൈന സാധനങ്ങളുമായല്ല സൈന്യം വരുന്നതെന്ന് ഉറപ്പുവരുത്തണം, 48 മണിക്കൂര്‍ കൊണ്ട് ചൈനീസ് സൈന്യത്തിന് ഡല്‍ഹിയില്‍ എത്തമെങ്കില്‍, ചൈനീസ് ഉത്പന്നങ്ങള്‍ ക്യാഷ് ഓണ്‍ ഡെലിവറി ചെയ്യാന്‍ സൈന്യത്തിന് ചൈനയ്ക്ക് ഉപയോഗപ്പെടുത്താമെന്നും ചിലര്‍ പരിഹസിച്ചു.
ഐക്യരാഷ്ട്രസഭയില്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്തതും ഇന്ത്യയുടെ ആണവ വിതരണ സംഘം (എന്‍.എസ്.ജി) അംഗത്വം തടഞ്ഞതും ചൈനയായിരുന്നു. ഡല്‍ഹിയില്‍ നടന്ന 69 രാജ്യങ്ങള്‍ പങ്കെടുക്കുന്ന റെയ്‌സീന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ചൈനീസ് നിലപാടുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനയ്ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments