India

സഹകരണ ബാങ്കുകള്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി : സഹകരണ ബാങ്കുകള്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആദായ നികുതി വകുപ്പ്. രാജ്യത്തെ പല സഹകരണ ബാങ്കുകളിലും പണം കൈകാര്യം ചെയ്യുന്നത് ഒരു വ്യവസ്ഥയുമില്ലാതെയാണെന്ന് ആദായ നികുതി വകുപ്പ്. കണക്കുകളും പണവും കൈകാര്യം ചെയ്യുന്നതില്‍ സഹകരണ ബാങ്കുകള്‍ ഒരു തരത്തിലുള്ള വ്യവസ്ഥകളും പാലിക്കുന്നില്ലെന്നും റിസര്‍വ് ബാങ്കിന് നല്‍കിയ കത്തില്‍ ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.

ബാങ്കുകളുടെ കൈവശമുള്ള പഴയ നോട്ടുകളെല്ലാം ഡിസംബര്‍ 31ന് തന്നെ കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിസംബര്‍ 30ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. നേരത്തെ കൈവശമുണ്ടായിരുന്ന നോട്ടുകള്‍ക്ക് പുറമെ തങ്ങളുടെ ഇഷ്ടക്കാരുടെ കൈവശമുള്ള കള്ളപ്പണം കൂടി കൂട്ടിച്ചേര്‍ത്താണ് സഹകരണ ബാങ്കുകള്‍ കൈമാറിയതെന്നാണ് പ്രധാന ആരോപണം. കോടിക്കണക്കിന് രൂപയുടെ വ്യത്യാസമാണ് ബാങ്കുകളിലെ കണക്കും അവിടെ സൂക്ഷിച്ചിരിക്കുന്ന പണവും തമ്മിലുള്ളതെന്ന് കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് പറയുന്നു.

മുംബൈയിലും പൂനെയിലും രണ്ട് ബാങ്കുകളിലെ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരങ്ങളും കത്തില്‍ വിശദീകരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി 113 കോടിയുടെ കള്ളക്കണക്ക് രണ്ട് ബാങ്കുകള്‍ മാത്രം എഴുതിയുണ്ടാക്കിയെന്നാണ് പ്രധാന ആരോപണം. പൂനെയിലെ ഒരു ബാങ്ക് തങ്ങളുടെ കൈവശം 242 കോടിയുടെ പഴയ നോട്ടുകളുണ്ടായിരുന്നെന്നാണ് റിസര്‍വ് ബാങ്കിനെ അറിയിച്ചത്. എന്നാല്‍ ഇവിടെ പരിശോധന നടത്തിയപ്പോള്‍ 141 കോടിയുടെ നോട്ടുകള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പഴയ നോട്ടുകളിലുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് ഇത്രയധികം രൂപയുടെ അധിക കണക്ക് നല്‍കിയത്.
മുംബൈയിലെ മറ്റൊരു ബാങ്ക് ഇത്തരത്തില്‍ 11 കോടിയുടെ അധിക കണക്ക് റിസര്‍വ് ബാങ്കിന് നല്‍കി. ഇത്തരത്തില്‍ യഥാര്‍ത്ഥത്തില്‍ കൈവശമുള്ളതിനേക്കാള്‍ പണം ബാങ്കിലുണ്ടെന്ന് പല സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന് വിവരം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button