ലെസ്റ്റര്‍ : കോള്‍ സെന്റര്‍ ജീവനക്കാരിയെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍. രണ്ടു കുട്ടികളുടെ അമ്മയായ കിരണ്‍ ദൗഡിയ (46) കൊല്ലപ്പെട്ട് കേസില്‍ മുന്‍ ഭര്‍ത്താവ് അശ്വിന്‍ ദൗഡിയയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി. ലസ്റ്ററിലെ എവിങ്ടണ്ണില്‍ രണ്ടു വീടുകള്‍ക്കിടയിലുള്ള ഒരു ഊടുവഴിയില്‍ ഉപേക്ഷിച്ച സ്യൂട്ട്‌കേയ്‌സിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. ചക്രങ്ങള്‍ ഘടിപ്പിച്ച സ്യൂട്ട്‌കെയ്‌സിനുള്ളിലായിരുന്നു മൃതദേഹമെന്നു പൊലീസ് വ്യക്തമാക്കി.
ഇരുപതു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ വിവാഹമോചനത്തിനു ശേഷം കുടുംബ വീട് വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളിലായിരുന്നു. കിരണിന്റെ സഹോദരിക്കു വീടു നല്‍കി കിട്ടുന്ന തുക വീതിച്ചെടുക്കാനും ഇവര്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അമ്മയെ കാണാനില്ലെന്നു കാട്ടി മക്കളില്‍ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ കിരണിന്റെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച ഒരാള്‍ ഇവിടെയെത്തി സ്യൂട്ട്‌കെയ്‌സ് ഉപേക്ഷിക്കുന്നതു കണ്ടതായി നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. റീട്ടെയില്‍ വമ്പന്മാരായ നെക്സ്റ്റിന്റെ കോള്‍ സെന്ററില്‍ 17 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു കിരണ്‍.
Post Your Comments