”നമസ്‌കാരം. എല്ലാ മാന്യപ്രേക്ഷകര്‍ക്കും കണ്ണാടിയിലേക്ക് സ്വാഗതം” ഒരു ശരാശരി ടെലിവിഷന്‍ പ്രേക്ഷകന്റെ മനസ്സില്‍പോലും സ്ഥായിയായി പതിഞ്ഞുപോയ ഒരു വാചകമാണിത്. ചുണ്ടില്‍ പുഞ്ചിരിയും പരുക്കന്‍ ശബ്ദവും നിറഞ്ഞ ആ വ്യക്തിത്വം, ടി.എന്‍ ഗോപകുമാര്‍ എന്ന മലയാള ദൃശ്യമാധ്യമരംഗത്തെ കുലഗുരു ഓര്‍മയായിട്ട് ജനുവരി 30ന് ഒരുവര്‍ഷം തികയുന്നു. അര്‍ബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്നെങ്കിലും പതിയെ മാധ്യമരംഗത്ത് സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ടി.എന്‍.ജി എന്ന് ഏവരും സ്നേഹപൂര്‍വം വിളിക്കുന്ന ടി.എന്‍ ഗോപകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പങ്ക് ഏറെ വലുതായിരുന്നു. ആരിലും മതിപ്പുളവാക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവായും വഴികാട്ടിയായും സുഹൃത്തായുമൊക്ക അദ്ദേഹം മാധ്യമസദസ്സുകളില്‍ നിറഞ്ഞുനിന്നു. സാഹിത്യരംഗത്തും സാംസ്‌കാരികരംഗത്തും ചലച്ചിത്രരംഗത്തുമെല്ലാം സാനിധ്യമറിയിച്ച ടി.എന്‍ ഗോപകുമാര്‍ കണ്ണാടി എന്ന ഒറ്റപ്പരിപാടിയിലൂടെ നിരവധിപേരുടെ കണ്ണീരൊപ്പി. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിനു മുന്നില്‍ എത്തിക്കുകയും നിരാലംബരായ ആയിരങ്ങള്‍ക്കു ധനസഹായം ലഭ്യമാക്കുകയും ചെയ്ത കണ്ണാടി മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ എക്കാലത്തും വേറിട്ടൊരു അധ്യായമാണ്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട പരിപാടിയായിരുന്നു ടി.എന്‍ ഗോപകുമാര്‍ അവതരിപ്പിച്ചിരുന്ന കണ്ണാടി. ഏഷ്യാനെറ്റില്‍ ആരംഭിച്ച്, ഏഷ്യാനെറ്റ് ന്യൂസിലൂടെ വളര്‍ന്ന കണ്ണാടിയുടെ 986 എപ്പിസോഡുകള്‍ പൂര്‍ത്തിയായപ്പോഴാണ് ടി.എന്‍.ജി വിടവാങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് ആ മാര്‍ഗദര്‍ശിക്ക് ആദരം അര്‍പ്പിച്ചത്. 1993 ആഗസ്റ്റ് 30നു തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഏഷ്യാനെറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടശേഷം സ്‌ക്രീനില്‍ പതിഞ്ഞത് ടി.എന്‍ ഗോപകുമാര്‍ അവതരിപ്പിക്കുന്ന കണ്ണാടി ആയിരുന്നു. കെ.വേണു, അജിത, ഫിലിപ്പ് എം.പ്രസാദ് തുടങ്ങിയവരുടെ അഭിമുഖം ഉള്‍പ്പെടുത്തി കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അന്നത്തെ അവസ്ഥയായിരുന്നു കണ്ണാടിയിലെ ആദ്യ റിപ്പോര്‍ട്ട്.
1995 സെപ്റ്റംബര്‍ 30നു ഏഷ്യാനെറ്റില്‍ വാര്‍ത്താ ബുള്ളറ്റിന്‍ ആരംഭിച്ചതോടെയാണ് പതിവ് ബുള്ളറ്റിനില്‍ അധികം വരാത്ത കഥകള്‍ ആയി കണ്ണാടിയുടെ പ്രധാന ഉള്ളടക്കമായി തുടങ്ങിയതെന്നും ഇവിടെ മുതലാണ് ദുരിതം നേരിടുന്നവരുടെ ജീവിതവ്യഥകളിലേക്ക് കണ്ണാടി കണ്ണോടിക്കാനാരംഭിച്ചതെന്നും ഇപ്പോഴത്തെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം.ജി രാധാകൃഷ്ണന്‍ അനുസ്മരിക്കുന്നു. കണ്ണാടി പത്രപ്രവര്‍ത്തനമേഖലയിലെ ഇത്ര വലിയ ഒരു കാരുണ്യപ്രവര്‍ത്തന പ്രസ്ഥാനമാകുമെന്നൊന്നും അന്ന് ആരും കരുതിയിരുന്നില്ല. സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരുടെ പോരാട്ടവും കണ്ണീരും ആയിരുന്ന കണ്ണാടിയുടെ മുഖ്യപ്രമേയം. മലയാളിയുടെ ജീവകാരുണ്യബോധത്തെ തട്ടിയുണര്‍ത്താന്‍ കഴിഞ്ഞതാണ് കണ്ണാടിയുടെ മറ്റൊരു നേട്ടം. കണ്ണാടിയിലൂടെ വെളിപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ നിരവധിപേരാണ് രംഗത്തെത്തിയത്. പ്രത്യേകിച്ച് കേരളത്തിനും ഇന്ത്യക്കും പുറത്ത് കഴിയുന്ന പ്രവാസി മലയാളികള്‍ ഒറ്റയ്ക്കും കൂട്ടായും കണ്ണാടിയിലേക്ക് ഉദാരമായി പണം എത്തിച്ചു. ആരോരുമില്ലാത്ത ആയിരക്കണക്കിന് പേര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കണ്ണാടി ഫണ്ടിലൂടെ ടി.എന്‍ ഗോപകുമാര്‍ രണ്ട് ദശാബ്ദക്കാലം കൊണ്ട് എത്തിച്ചുകൊടുത്തത്. ഇരുപതിലേറെ വര്‍ഷം മുടങ്ങാതെ കണ്ണാടി തുടര്‍ന്നത് ടി.എന്‍ ഗോപകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രൊഫഷണല്‍ മികവിനും ഉദാഹരണമാണ്. രോഗാവസ്ഥയില്‍നിന്നു 2015 പകുതിയായപ്പോള്‍ വലിയ ശസ്തക്രിയകള്‍ക്ക് ശേഷം പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കുന്നതിനു മുമ്പ് തന്നെ വീണ്ടും കണ്ണാടി അവതരിപ്പിക്കാന്‍ തയ്യാറായത് ടി.എന്‍ ഗോപകുമാറിന്റ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 2015 അവസാനം രോഗം വീണ്ടും അത്യന്തം വഷളായി അവസാനം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ മുറിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പോലും കണ്ണാടിയുടെ ഏതാനും എപ്പിസോഡുകള്‍ അദ്ദേഹം മുന്‍കൂട്ടി ചെയ്തുവച്ചിരുന്നു.
തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ ഗുരുവും അടുത്ത സുഹൃത്തും വഴികാട്ടിയുമായെല്ലാം ടി.എന്‍.ജി ഒപ്പമുണ്ടായിരുന്നു. ടി.എന്‍ ഗോപകുമാര്‍ നിത്യസാനിധ്യമറിയിച്ചിരുന്ന തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. ടി.എന്‍ ഗോപകുമാര്‍ അവസാനമായി എഴുതിയ പാലും പഴവും എന്ന നോവല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സാമൂഹ്യ, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അവിചാരിതമായി വലിച്ചിഴക്കപ്പെടുന്ന തമിഴ് ബ്രാഹ്മണ ദമ്പതികളുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ടി.എന്‍ ഗോപകുമാര്‍ ജീവിച്ചിരിക്കേ മാധ്യമം ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച നോവല്‍ പാതിവഴിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1957ല്‍ വട്ടപ്പള്ളിമഠം നീലക്ഠശര്‍മ്മയുടെയും തങ്കമ്മയുടെയും മകനായി ജനിച്ച ടി.എന്‍ ഗോപകുമാര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും ഇംഗ്ലീഷില്‍ എം.എ ബിരുദം നേടി. 192ല്‍ മാതൃഭൂമിയില്‍ നിന്ന് മാധ്യമയാത്ര ആരംഭിച്ച അദ്ദേഹം ന്യൂസ് ടൈം, ദ ഇന്‍ഡിപെന്റന്റ്, ഇന്ത്യാ ടുഡേ, സ്റ്റേറ്റ്സ്മാന്‍, ബി.ബി.സി റേഡിയോ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഏഷ്യാനെറ്റിന്റെ തുടക്കം മുതല്‍ കണ്ണാടി എന്ന വാര്‍ത്താധിഷ്ഠിത പരിപാടി അവതരിപ്പിച്ചിരുന്ന ടി.എന്‍ ഗോപകുമാര്‍ പിന്നേട് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി. നോവല്‍, കഥ, ഓര്‍മക്കുറിപ്പ്, പംക്തി തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ച ടി.എന്‍.ജിക്ക് രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തു. വോള്‍ഗ തരംഗങ്ങള്‍, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്കും ടി.എന്‍ ഗോപകുമാര്‍ അര്‍ഹനായിട്ടുണ്ട്.
ജനുവരി 30് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തീയേറ്റരില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭിമുഖ്യത്തില്‍ ടി.എന്‍.ജി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നടക്കും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ.മാധവന്‍ അധ്യക്ഷത വഹിക്കും. ചടങ്ങ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഉദ്ഘാടനം ചെയ്യും. ടി.എന്‍ ഗോപകുമാറിന്റെ ജീവിതയാത്രയെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ പയണം ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ടി.എന്‍.ജിയെക്കുറിച്ചുള്ള ഓര്‍മപുസ്തകത്തിന്റെ പ്രകാശനം സക്കറിയ ടി.എന്‍.ജിയുടെ പത്നി ഹെദര്‍ ഗോപകുമാറിനു നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ ദ ഹിന്ദു എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.റാം, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഒരിക്കല്‍ മാധ്യമ മുഹൂര്‍ത്തങ്ങള്‍ എന്ന കോളത്തില്‍ ടി.എന്‍ ഗോപകുമാര്‍ എഴുതി – മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ജീവിതം പലപ്പോഴും അപൂര്‍ണമാണ്. പണ്ട് ഭാര്യമാരാണ് അതിന്റെ യാതന അനുഭവിച്ചിരുന്നെങ്കില്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരും അത് സഹിക്കുന്നുണ്ട്. ഇരുവരും മാധ്യമപ്രവര്‍ത്തകരായവര്‍ താരതമ്യേന ഭാഗ്യവാന്‍മാരാണ്. സ്വന്തം അനുഭവം കൊണ്ടു അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിലായി എഴുതിയ ഓരോ കുറിപ്പുകളും ഒരേ സമയം വിജ്ഞാനവും കൗതുകവും യാഥാര്‍ഥ്യബോധവും പകര്‍ന്നു നല്‍കുന്നതായിരുന്നു
Post Your Comments