തിരുവനന്തപുരം: നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടരമാസം മാത്രം അവശേഷിക്കേ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് വന്‍പരാജയമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭക്ഷ്യവകുപ്പിനുള്ള പദ്ധതി വിഹിതം വര്‍ധിപ്പിച്ചിരുന്നെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാനോ തുക ചെലവഴിക്കാനോ കഴിഞ്ഞിട്ടില്ല. അനുവദിച്ച തുകയുടെ വെറും 4.56ശതമാനം മാത്രമാണ് ഭക്ഷ്യവകുപ്പ് ചെലവഴിച്ചത്. അതേസമയം പൊതുമരാമത്ത് വകുപ്പ് 94ശതമാനം തുക ചെലവഴിച്ച് സംസ്ഥാനത്തെ വകുപ്പുകളില്‍ ഒന്നാമതാണ്. വിപണിയില്‍ ഇടപെടുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ഭക്ഷ്യവകുപ്പിനു കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു. ആകെയുള്ള നേട്ടമായി ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത് ഭക്ഷ്യസുരക്ഷാ പദ്ധതി മാത്രമാണ്. ഇത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്. സ്വന്തമായി യാതൊരു ഇടപടെലുകളും ഏറ്റെടുക്കാനും ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല. ന്യായവില സ്റ്റോറുകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലക്ക് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കഴിയാതിരുന്നതും അരിവില വര്‍ധിച്ച സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ അരിവിതരണം നടത്തുമെന്ന് പ്രഖ്യാപനം വാക്കിലൊതുങ്ങിയതും തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
Post Your Comments