News

മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുത: വി.മുരളീധരന്‍

തിരുവനന്തപുരം: ഖാദിയെക്കുറിച്ച് മഹാത്മാ ഗാന്ധിക്ക് ഉണ്ടായിരുന്ന ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഖാദി കമ്മിഷന്‍ പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കിമാറ്റുന്നതിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. മഹാത്മാഗാന്ധിക്കൊപ്പം ഖാദിയേയും മറന്നത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന പല നേതാക്കളേയും അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണുണ്ടായത്. ഐക്യ ഇന്ത്യക്കുവേണ്ടി നിലകൊണ്ട സര്‍ദാര്‍ വല്ലാഭായി പട്ടേലിനെ ബി.ജെ.പി. ആദരിച്ചപ്പോഴാണ് ആ പേരുതന്നെ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത്. അത് അവര്‍ വിവാദമാക്കുകയും ചെയ്തു. അധികാരത്തിന്റെ മത്തുപിടിച്ച് ഗാന്ധിജിയെ മറന്ന കോണ്‍ഗ്രസ് ഖാദിയേയും പുറത്താക്കിക്കൊണ്ടിരിക്കുയാണ്. ഒരുകാലത്ത് ദേശാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദി അഴിമതിക്കാരുടെ യൂണീഫോമാക്കിയെന്ന ഖ്യാതി കോണ്‍ഗ്രസിനു മാത്രമുള്ളതാണ്.

കോണ്‍ഗ്രസ് ജവഹര്‍ലാല്‍ നെഹ്റുവിലേക്കും നെഹ്റുവിന്റെ ആശയങ്ങളിലേക്കും ചുരുങ്ങിയപ്പോള്‍ ഗാന്ധിജിയേയും ഗാന്ധിയന്‍ ആശയങ്ങളേയും തള്ളിക്കളയുകയായിരുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്ന ഗാന്ധിയന്‍ ദര്‍ശനം പുറത്താക്കപ്പെടുകയും വന്‍കിട വ്യവസായങ്ങളും അണക്കെട്ടുകളുമാണ് ഇന്ത്യക്ക് ആവശ്യമെന്ന നെഹ്റുവിന്റെ ആശയത്തെ കോണ്‍ഗ്രസ് പൂര്‍ണമായി സ്വീകരിക്കുകയുമായിരുന്നു. ഇതോടെ സ്വയംപര്യാപ്തത, സ്വയം തൊഴില്‍ എന്നീ ഗാന്ധിയന്‍ ആശയങ്ങള്‍ക്കൊപ്പം ചര്‍ക്കയും ഗാന്ധിയും കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ടു. ഗാന്ധി എന്നത് അധികാരത്തിലെത്താനുള്ള ഒരു മാര്‍ഗം മാത്രമായി കോണ്‍ഗ്രസ് ഉപയോഗിക്കുകയായിരുന്നു. ഗാന്ധി സ്നേഹം പുറമേ പറഞ്ഞ കോണ്‍ഗ്രസ് ഗാന്ധിയന്‍ ആശയങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. അധികാരത്തിലിരുന്നപ്പോള്‍ ഖാദിയെ മുഖവിലക്കെടുക്കാതിരുന്നവരാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത്.

അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഖാദി കമ്മിഷന്‍ പുനരുദ്ധരിക്കപ്പെട്ടത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഖാദി മുന്നേറുകയാണെന്നതിന് കണക്കുകള്‍ സാക്ഷിയാണ്. ഖാദി വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 29 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ ഗാന്ധിയന്‍ ആശയങ്ങളെ മുറുകെപ്പിടിച്ച് അവ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നത്. അതിനെതിരേ കോണ്‍ഗ്രസ് നടത്തുന്നത് ദുഷ്ടലാക്കോടെയുള്ള പ്രചാരണം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button