Prathikarana Vedhi

ലിബര്‍ട്ടി ബഷീറില്‍നിന്നും ‘ലിബര്‍ട്ടി’ നേടിയ ഈ ദിവസം മലയാള സിനിമക്ക് ചരിത്രമാകുന്നതെങ്ങനെ? ചലച്ചിത്ര മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി ഒടുവില്‍ നാണം കെട്ട് പിന്‍വലിക്കേണ്ടി വന്ന ഈ സമരം എന്തിനായിരുന്നു? പി.ആര്‍ രാജ് എഴുതുന്നു

കേരളത്തിലെ ചലച്ചിത്രാസ്വാദകരുടെ ദൃശ്യാവകാശത്തെയും ദൃശ്യസ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തി ഒരുമാസത്തോളം തുടര്‍ന്ന തീയേറ്റര്‍ സമരത്തില്‍നിന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിന്‍വാങ്ങിയിരിക്കുന്നു. പിന്‍വാങ്ങി എന്നാല്‍ അതൊരു കേവലപ്രയോഗം മാത്രമായേ കാണാന്‍ കഴിയൂ. ശരിക്കും നാണം കെട്ടും മാനം കെട്ടും നിസഹായമായ അവസ്ഥയിലാണ് ഈ പിന്‍മാറ്റം. ഇതോടെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ മാത്രമല്ല, പൊതുസമൂഹത്തില്‍പ്പോലും ഒറ്റപ്പെട്ടിരിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ ലിബര്‍ട്ടി ബഷീര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏറെ പ്രയാസങ്ങള്‍ സഹിച്ച് പൂര്‍ത്തിയാക്കുന്ന മലയാള സിനിമകള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ലിബര്‍ട്ടി ബഷീര്‍ കനിയണമെന്ന അവസ്ഥയില്‍നിന്നാണ് മലയാള സിനിമ ഇന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചലച്ചിത്ര നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ തീയേറ്ററുടമകള്‍ പുതിയ സംഘടന രൂപീകരിക്കുമ്പോള്‍, കഴിഞ്ഞ ദിവസങ്ങളിലൊക്കെ സിനിമാ റിലീസ് പോലും തടസ്സപ്പെടുത്തിയ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ അംഗത്വത്തില്‍ അവശേഷിക്കുന്ന തീയേറ്ററുകള്‍ക്ക് ഇനി സിനിമ ലഭിക്കുമോയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരം എന്തിനായിരുന്നുവെന്ന് ഭാരവാഹിയായ ലിബര്‍ട്ടി ബഷീര്‍, സ്വന്തം മനസാക്ഷിയെ എങ്കിലും ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അമ്പതുശതമാനം ലാഭവിഹിതം ആവശ്യപ്പെട്ടാണ് എ ക്ലാസ്സ് തീയേറ്ററുകള്‍ സമരം ആരംഭിച്ചത്. അത് നടക്കില്ല എന്നു നിര്‍മാതാക്കള്‍ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇടപെട്ടിട്ടുപോലും അഹന്തയും ധിക്കാരവും നിറഞ്ഞ സ്വരത്തില്‍ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ലിബര്‍ട്ടി ബഷീര്‍ മുന്നോട്ടുപോയത്. എന്നാല്‍ ഇപ്പോള്‍ ആത്യന്തിക നഷ്ടം അദ്ദേഹത്തിനു മാത്രമായിരിക്കുന്നു. ചുറ്റുമുള്ള ചലച്ചിത്ര സമൂഹത്തില്‍ ഒറ്റപ്പെട്ടു എന്നുമാത്രമല്ല, സംഘടനാ ഭാരവാഹി എന്ന നിലയില്‍ കാല്‍ചുവട്ടിലെ മണ്ണുപോലും ഒലിച്ചുപോകുന്നു. മലയാള സിനിമയില്‍നിന്നും അമ്പതുശതമാനം ലാഭം തന്നില്ലെങ്കില്‍ അന്യഭാഷാ ചിത്രങ്ങള്‍വെച്ച് തീയേറ്ററുകള്‍ ഓടിക്കുമെന്ന ഭീഷണിയും അസ്ഥാനത്തായി. തുടക്കത്തില്‍ ഒപ്പം നിന്ന എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗങ്ങളായ പകുതിയോളം തീയേറ്ററുകള്‍ അംഗത്വത്തില്‍നിന്നും പിന്‍മാറുന്നു. സമരത്തിന് ചുക്കാന്‍ പിടിച്ച സംഘടനയുടെ സംസ്ഥാന ട്രഷറര്‍പോലും രാജിവെക്കുന്നു. സംഘടന പിളരുന്നു. ഒടുവില്‍ സ്വന്തം തീയേറ്ററുകള്‍ക്ക് സിനിമ കിട്ടുമോ എന്ന കാര്യം പോലും അനിശ്ചിതത്വത്തിലാകുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സമരം അവസാനിപ്പിക്കുന്നതെന്ന എങ്ങും തൊടാത്ത ഒരു ന്യായമാണ് ഇപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ മുന്നോട്ടുവയ്ക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ചിട്ട് സമരം അവസാനിപ്പിക്കാത്ത ആളാണോ മുഖ്യമന്ത്രിയുടെ കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സമരം അവസാനിപ്പിക്കുന്നത്? ജനുവരി 25നു സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെന്ന ഒരു ന്യായം കൂടി ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ സിനിമാ പ്രതിസന്ധി ചര്‍ച്ച ചെയ്യാനല്ല സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇതുപോലെ ഭാവിയില്‍ ഉയര്‍ത്താന്‍ ഇടയുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഒരു ഏജന്‍സി എന്ന നിലയില്‍ ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍വേണ്ടിയാണ് യോഗം. അല്ലാതെ ഈ യോഗത്തില്‍ സിനിമാ സമരം ചര്‍ച്ച ചെയ്യില്ലെന്നു നടന്‍ ഇന്നസെന്റ് എം.പി ഉള്‍പ്പടെ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രതിസന്ധിക്കും പല അനാവശ്യ സമരങ്ങള്‍ക്കും കാരണം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഓരോ സാഹചര്യങ്ങളിലും കൈക്കൊണ്ട നിലപാടുകളായിരുന്നു. എ ക്ലാസ് തിയേറ്ററുകളുടെ സംഘടനയ്ക്ക് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീറിന് മുന്നില്‍ സിനിമാക്കാര്‍ ഒന്നാകെ പലപ്പോഴും മുട്ടുമടക്കി. എന്നാല്‍ ശതകോടികള്‍ ചെലവിട്ട് സിനിമ നിര്‍മ്മിക്കുന്നവരില്‍ നിന്ന് കളക്ഷന്റെ 50 ശതമാനം തട്ടിയെടുക്കാനുള്ള ലിബര്‍ട്ടി ബഷീറിന്റെ നീക്കം മൂലം ക്രിസ്മസ് റിലീസുകള്‍ പോലും മുടങ്ങി. ഈ സാഹചര്യത്തിലാണ് എക്സിബിറ്റേഴ്സ് ഫെഡറേഷനെതിരെ മറ്റുള്ള സിനിമാ സംഘടനകളെല്ലാം ഒന്നിച്ചത്. ഒടുവില്‍ എല്ലാവരും ഒറ്റക്കെട്ടായതോടെയും സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതോടെയും ലിബര്‍ട്ടി ബഷീറിന് അടിതെറ്റി എന്നുതന്നെ പറയാം.

എ ക്ലാസ് തിയറ്ററുകളെ നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക് പോകുന്നതാണ് സമരം പിന്‍വലിക്കാന്‍ ലിബര്‍ട്ടി ബഷീറിനെ നിര്‍ബന്ധിതമാക്കിയത്. സംഘടനയുടെ കീഴിലുണ്ടായിരുന്ന 73 തിയേറ്ററുകള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ച സമരം ഉപേക്ഷിച്ച് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തതും ലിബര്‍ട്ടി ബഷീറിന് തിരിച്ചടിയായി. നിലവില്‍ വിജയ് ചിത്രം ഭൈരവയിലൂടെ 240ഓളം തീയേറ്ററുകള്‍ റിലീസ് കേന്ദ്രങ്ങളായപ്പോള്‍ ഇനി സമരവുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നു ബഷീര്‍ തിരിച്ചറിയുകയായിരുന്നു. ചുരുക്കത്തില്‍ ഒന്നും നേടാതെ നാണം കെട്ട് ലിബര്‍ട്ടി ബഷീറിനും സംഘത്തിനും സമരം അവസാനിപ്പിക്കേണ്ടി വരുമ്പോള്‍ മിച്ചമാകുന്നത് തീയേറ്ററുകള്‍ അടച്ചിട്ട ദിവസങ്ങളിലെ വരുമാന നഷ്ടത്തിന്റെയും കുറേയേറെ മാനനഷ്ടത്തിന്റെയും കണക്കുകള്‍ മാത്രമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button