കോട്ടയം: മറ്റക്കര ടോംസ് എൻജിനീയറിഗ് കോളേജിൽ എ.ബി.വി.പി, എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികളെ മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്. വിദ്യാർത്ഥികൾ കോളേജ് അടിച്ചു തകർത്തു. ഇന്ന് രാവിലെ കോളേജിൽ ടെക്നിക്കൽ
യൂണിവേഴ്സിറ്റി അധികൃതർ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയായിരുന്നു സംഘർഷം. പുറത്ത് സമരം നടക്കവേ, അകത്ത് അടച്ചിട്ട മുറിയിൽ വിദ്യാർത്ഥനികൾ തങ്ങൾക്ക് നേരിട്ട മോശമായ അനുഭവങ്ങൾ ടെക്നിക്കൽ യൂണിവേഴ്സിറ്റി അധികൃതർക്കു മുമ്പാകെ തുറന്നടിച്ചു. ഹോസ്റ്റലിലും മറ്റും കടന്നുവന്ന് മോശമായി പെരുമാറിയെന്ന ആക്ഷേപം മിക്കവരും ഉന്നയിച്ചു.
ആദ്യം പ്രകടനമായെത്തിയ നൂറോളം വരുന്ന എ.ബി.വി.പി പ്രവർത്തകർ കോളേജിന് നേരെ കല്ലെറിയുകയും ജനൽ ഗ്ളാസുകൾ അടക്കം തകർക്കുകയും ചെയ്തു. ഈ സമയം കുറച്ച് പൊലീസ് മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ഇതിന് പിന്നാലെയായിരുന്നു എസ്.എഫ്.ഐ മാർച്ച്. കോളേജിനുള്ളിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ അക്രമാസക്തരാകുകയായിരുന്നു. ശേഷിക്കുന്ന ജനൽചില്ലുകളും പഠനോപകരണങ്ങളും എറിഞ്ഞു തകർത്തു. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് പ്രവർത്തകരെ ഒഴിപ്പിച്ചത്. ഇരുകൂട്ടർക്കുമെതിരെ കോളേജ് അടിച്ചു തകർത്തതിന്
കേസെടുത്തിട്ടുണ്ട്. മുന്നറിപ്പില്ലാതെയാണ് പ്രതിഷേധക്കാരെത്തിയതെന്നും അതുകൊണ്ട് തന്നെ ആവശ്യത്തിന് പൊലീസുകാരെ വിന്യസിക്കാൻ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു. കേരള ടെക്നിക്കൽ
യൂണിവേഴ്സിറ്റി അധികൃതരുടെ തെളിവെടുപ്പ് തുടരുകയാണ്. പൊലീസും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്.
കോളേജ് ചെയർമാനും അധ്യാപകരും അനധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം. രാത്രിയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ചെയർമാൻ അടക്കമുള്ളവർ കയറിച്ചെല്ലുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. അധികൃതർ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികളോട് വളരെ മോശമായാണ് പെരുമാറുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ തെറ്റുകൾക്ക് പോലും വലിയ പിഴയും കോളേജ് അധികൃതർ ഈടാക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. കോളേജിലെ അദ്ധ്യാപകരുടെ യോഗ്യത സംബന്ധിച്ചു പരാതിയിൽ ആക്ഷേപം ഉയരുന്നുണ്ട്.
Post Your Comments