തിരുവനന്തപുരം : ഗോകുലം ഫുട്ബോള്‍ ക്ലബ്ബിന്റെ ലോഗോ ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. രാജ്യത്തിന്റെ ഫുട്ബോള്‍ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കാന് ഗോകുലം എഫ്.സിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഫുട്ബോളിന് ഏറെ പ്രചാരം നേടിയ സമയമാണിത്. ഐ.എം വിജയനെപ്പോലുള്ള മുന്‍കളിക്കാരുടെ സഹകരണവും ടീമിന് ഏറെ മുതല്‍കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മികച്ച യുവതാരങ്ങളേയും, ഏതാനും സീനിയര്‍ താരങ്ങളേയും അണിനിരത്തി യുവത്വത്തിന് പ്രാധാന്യം നല്കുന്ന ടീമിനെയാണ് അണിയിച്ചൊരുക്കുന്നത്. ഇവര്‍ക്കൊപ്പം കേരളത്തിന് പുറത്തു നിന്നുള്ള ഏതാനും കളിക്കാരും, വിദേശ കളിക്കാരും ഉള്‍പ്പെടും. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കേരളത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ്, ജി വി രാജ, ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലാണ് ടീം ആദ്യം കളിക്കുക. 2018ലെ ഐ ലീഗ് ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
2017-18 സീസണിലെ ഡ14, ഡ16 ഐ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലം എഫ് സിയുടെ ജൂനിയര്‍ ടീമുകളെ രംഗത്തിറക്കാനുള്ള ശ്രമവും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി മലപ്പുറം കേന്ദ്രീകരിച്ച് ഒരു ഫുട്ബോള്‍ അക്കാദമിക്കും ഗോകുലം ഗ്രൂപ്പ് രൂപം നല്‍കും. മലപ്പുറം മഞ്ചേരിയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. കേരളത്തിലെ മികച്ച പരിശീലകരില്‍ ഒരാളായ ബിനോ ജോര്‍ജാണ് ടീമിന്റെ മുഖ്യ പരിശീലകന്. മലപ്പുറം സ്വദേശി ഷാജറുദീനാണ് അസിസ്റ്റന്റ് കോച്ച്.
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഗോകുലം ഗോപാലന് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന് ടീമിനുള്ള ബോള്‍ ടീം കോച്ച് ബിനോ ജോര്‍ജിന് നല്കി. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് വി. ശിവന്‍കുട്ടി, ഗോകുലം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബൈജു ഗോപാലന്, ഡയറക്ടര്‍ വി.സി പ്രവീണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ്, കെല് ചെയര്മാന് ജിമ്മി ജോര്‍ജ്, ഗോകുലം അല്‍ മദീന മാനേജിങ് ഡയറക്ടര്‍ റഷീദ്, ഗോകുലം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
Post Your Comments