ന്യൂഡല്‍ഹി: യുവതികളെ അവരുടെ സമ്മതമില്ലാതെ ചുംബിച്ച ശേഷം ഓടുന്ന പ്രാങ്ക് (തമാശ) വീഡിയോ അവതാരകന്‍ അറസ്റ്റിലായി. സുമിത് വര്‍മ എന്ന യുവാവിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ദി ക്രേസി സുമിത് എന്ന യൂട്യൂബ് ചാനലിലാണ് സുമിത് യുവതികളെ അവരുടെ സമ്മതമില്ലാതെ ചുംബിച്ച ശേഷം ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ആദ്യത്തെ അമ്പരപ്പ് മാറുമ്പോള്‍ യുവതികള്‍ പരിഭ്രമിച്ചും നിസ്സഹായരായും നില്‍ക്കുന്ന ദൃശ്യങ്ങള്‍ ക്ലോസപ്പില്‍ ഇട്ടും ഇവര്‍ തമാശ കാണിച്ചിരുന്നു. ഈ വീഡിയോ കാരണം ഇതിനിരയായ യുവതികളുടെ ജീവിതം പോലും ഇല്ലാതാവുന്ന അവസ്ഥ ഉണ്ടായേക്കാമായിരുന്നു.
ഡല്‍ഹിയിലെ തിരക്കേറിയ കൊണാട്ട് പ്ലേസില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. പുതുവര്‍ഷാഘോഷത്തിനിടയില്‍ ബംഗലൂരുവിലുണ്ടായ മാനഭംഗങ്ങള്‍ ചര്‍ച്ചയായ സമയത്താണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ ഇത് വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദമായപ്പോള്‍ വീഡിയോ പിന്‍വലിച്ച് യുവാവ് ക്ഷമാപണം നടത്തിയിരുന്നു. വീഡിയോ ചിത്രീകരിച്ച സുമിത്തിന്റെ സുഹൃത്ത് സത്യജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാങ്ക് വീഡിയോകള്‍ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യുന്ന സുമിതിന് യൂട്യൂബില്‍ 1.5 ലക്ഷം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ട്. ഇത്തരത്തില്‍ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിച്ച യുവാവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം യുവതികളെ നടുവഴിയില്‍ ചുംബിച്ചിട്ട് ഓടിമറയുന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് രണ്ടായിരത്തോളംപേര്‍ ലൈക് അടിച്ചെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. വഴി ചോദിക്കുക എന്ന വ്യാജേന ഇയാള്‍ സ്ത്രീകളെ സമീപിക്കും. തുടര്‍ന്ന് ചുംബിച്ച ശേഷം ഓടി മറയുകയും ചെയ്യും. എങ്ങനെ പ്രതികരിക്കണമെന്നോ അറിയാതെ ലജ്ജിച്ച് വിറളി നില്‍ക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ ആസ്വദിക്കുകയായിരുന്നു പലരും. അതേസമയം സുമിത്തിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ക്ക് ഇനി ആശ്വസിക്കാം.
സുമിത്തിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളിലൂടെ അപമാനിക്കപ്പെട്ട പെണ്‍കുട്ടികളെ കണ്ടെത്തി പരാതി എഴുതി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്. പൊതു ഇടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ച് പണം നേടാം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു സുമിത്തിന്റെ പ്രവൃത്തി. പ്രതിക്ക് മാതൃകാപരമായി തന്നെ ശകിഷ ലഭിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ നിരവധി സ്ത്രീകള്‍ ആവശ്യപ്പെടുന്നു.
Post Your Comments