തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പുകവലിക്കുന്നത് കുറ്റമാണ്. അതുപോലെ തന്നെയാണ് വാഹനങ്ങളിലിരുന്നു മറ്റുള്ളവര്‍ പുകവലിക്കുന്നതും. അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആരോഗ്യത്തിന് മാത്രമല്ല ഇത് അപകടത്തിനും വഴിവെക്കുന്നു.
റോഡ് സുരക്ഷാവാരം 2017 ആചരണത്തോടനുബന്ധിച്ച് വാഹനങ്ങള്‍ക്കുള്ളിലെ പുകവലി ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് വിദഗ്ധര്‍. വാഹനങ്ങള്‍ക്കുള്ളിലെ പുകവലി ഡ്രൈവറുടെ ശ്രദ്ധ പാളുന്നതിനുള്ള മുഖ്യ കാരണങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. വാഹനമോടിക്കുന്നതിനിടെ, സിഗരറ്റ് തപ്പുന്നതും തീ കൊളുത്തുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ശരീരത്തിന്റെയും മനസ്സിന്റെയും ജാഗ്രത നഷ്ടപ്പെടുത്തുന്നു.
ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനം തെളിയിക്കുന്നു. വാഹനങ്ങള്‍ക്കുള്ളിലെ പുകവലി യാത്രക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഹാനികരമായതിനാല്‍ ഈ വിഷയത്തില്‍ ഗവേഷണ പഠനങ്ങള്‍ക്കു നടപടി തുടങ്ങിയതായി നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി ശ്രീദേവി വ്യക്തമാക്കി. നിര്‍ദിഷ്ട പഠനത്തില്‍നിന്നുള്ള കണ്ടെത്തലുകള്‍ ആരോഗ്യ, റോഡ് സുരക്ഷാ നയരൂപീകരണങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാനാകും. അതിലൂടെ പുകയില നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ. ശ്രീദേവി പറഞ്ഞു.
പൊതു വാഹനങ്ങളിലും, ബസ് ഡിപ്പോകളും, ബസ് സ്റ്റാന്‍ഡുകളിലും പുകവലിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് 2015ല്‍ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. കോട്പ നിയമപ്രകാരം പുകവലിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാം. 200 രൂപയാണ് പിഴ ഈടാക്കുക.
പുകവലി പാടില്ല എന്ന സചിത്ര സൂചനാബോര്‍ഡ് എല്ലാ പൊതു വാഹനങ്ങളിലും പതിപ്പിച്ചിരിക്കണമെന്നും കോട്പ നിയമം അനുശാസിക്കുന്നുണ്ട്.
Post Your Comments