KeralaNews

എ.വി.ടി. തേയില കമ്പനിയുടെ അനധികൃത ഭൂമി കയ്യേറ്റം : കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍

പത്തനംതിട്ട :സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരത്തോളം എക്കര്‍ പാട്ടഭൂമി കൈവശം വച്ചിരിക്കുന്ന എ.വി.ടി. കമ്പനിക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു.
കമ്പനിയുടെ കൈവശം കൊല്ലം ജില്ലയിലുള്ള രാജഗിരി, ചാലിയാക്കര തോട്ടങ്ങളില്‍ പലതും സര്‍ക്കാര്‍ ഭൂമിയാണെന്നാണു രേഖകള്‍. സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ ഓഫീസര്‍ എം.ജി. രാജമണിക്യം ഇതുസംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടിയില്ല. സര്‍ക്കാര്‍ അലംഭാവം മുതലാക്കി എ.വി.ടി. ഇപ്പോള്‍ രാജഗിരി തോട്ടത്തില്‍നിന്നു തടി മുറിച്ചുകടത്തുകയാണ്.

ഇതേത്തുടര്‍ന്ന് ചില സംഘടനകള്‍ സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. കൊല്ലം പുനലൂര്‍ പകുതിയില്‍ ഉള്‍പ്പെടുന്നതാണ് വിശാലമായ ചാലിയാക്കര(സാലിയാക്കര) എസ്റ്റേറ്റ്. ആധാര പ്രകാരം അമ്പത്തേഴ് സര്‍വേ നമ്പരുകളിലായി 488.38 ഏക്കര്‍ മാത്രമാണ് വിസ്തൃതിയെങ്കിലും രണ്ടായിരത്തില്‍പരം ഏക്കറിലാണ് തോട്ടം വ്യാപിച്ചു കിടക്കുന്നത്. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ 203.94 ഏക്കര്‍ സ്ഥലം പണ്ടാരകാരം ചെയ്വാര്‍കള്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക കാര്യത്തിനായി സര്‍ക്കാര്‍ നീക്കിയിട്ടിരിക്കുന്ന സ്ഥലമാണിത്. ഈ ഭൂമിയും ഇപ്പോള്‍ എ.വി.ടിയുടെ പക്കലാണ്. ഇതേ അവസ്ഥതന്നെയാണ് പത്തനാപുരം പകുതിയില്‍ ഉള്‍പ്പെടുന്ന 1011.50 ഏക്കര്‍ വിസ്തൃതിയുള്ള രാജഗിരി തോട്ടത്തിന്റെയും സ്ഥിതി.

സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം 710.17 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണ്. റവന്യൂ വകുപ്പിന്റെ കീഴില്‍ ഇതുസംബന്ധിച്ച എല്ലാ രേഖയും ഉണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ബ്രിട്ടീഷ് സ്ഥാപനമായ റാണി ട്രാവന്‍കൂര്‍ റബര്‍ കമ്പനി 1906-ല്‍ സര്‍ക്കാരില്‍നിന്നും വ്യക്തികളില്‍നിന്നും 99 വര്‍ഷത്തേക്കു പാട്ടത്തിനു വാങ്ങിയ ഭൂമിയാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള രാജഗിരി, ചാലിയാക്കര തോട്ടങ്ങള്‍. തോമസ് ഹൗസ്, ക്യൂന്‍ സ്ട്രീറ്റ് ലണ്ടന്‍ എന്നാണ് ഈ കമ്പനിയുടെ മേല്‍വിലാസം. മുപ്പതു വര്‍ഷത്തോളം ബ്രിട്ടീഷ് കമ്പനി കൈവശംവച്ച് അനുഭവിച്ച ഭൂമി 1944 ജൂലൈ പത്തൊമ്പതിനാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജഗിരി പ്രഡ്യൂസിങ് കമ്പനിക്ക് കൈമാറുന്നത്. രാജഗിരി കമ്പനിക്കുവേണ്ടി ഡയറക്ടര്‍ ആലപ്പുഴ കൃഷ്ണാ ഗാര്‍ഡനില്‍ കൃഷ്ണയുങ്കാര്‍ മകന്‍ കെ. വെങ്കിട്ടരാഘവന്‍, മറ്റൊരു ഡയറക്ടറായ ആലപ്പുഴ ബീച്ച് ബംഗ്ലാവില്‍ മോസസ് ഏബ്രഹാം മകന്‍ ആല്‍ഫ്രഡ് വേദം തോമസ് (എ.വി. തോമസ്) എന്നിവരാണ് ഭൂമി വാങ്ങിയതെന്ന് ആധാരം വ്യക്തമാക്കുന്നു. പിന്നീട് ഈ ഭൂമി എങ്ങനെ എ.വി.ടിയുടെ സ്വന്തമായി എന്ന കാര്യം വ്യക്തമല്ല.

ആധാരത്തില്‍ പറയുന്നതിലധികം ഭൂമി കമ്പനിയുടെ കൈവശം നിലവിലുണ്ടെന്നാണ് ആരോപണം.
തോട്ടം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല. ആധാരത്തില്‍ കവിഞ്ഞുള്ള ഭൂമിയും പണ്ടാരകാരം ചെയ്വാര്‍കള്‍ എന്നു രേഖപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ ഭൂമിയും അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button