ചിക്കാഗോ: സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിൽ ഒബാമ അമേരിക്കയ്ക്കു നിറകണ്ണുകളോടെ നന്ദിപറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യമെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാമെന്നും അദ്ദേഹം പറഞ്ഞു. വർണവിവേചനം ഉള്‍പ്പെടെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ തെറ്റുകളും തിരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി മാറിയ 2008ലെ തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേവേദിയിലാണ് എട്ടുവര്‍ഷത്തിനുശേഷം വിടവാങ്ങല്‍ പ്രസംഗത്തിനു ഒബാമ എത്തിയത്.
തന്റെ എട്ട് വര്‍ഷത്തെ ഭരണകാല നേട്ടങ്ങള്‍ എണ്ണിപ്പറയാനും അദ്ദേഹം മറന്നില്ല. മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ല നിങ്ങളിലൂടെയാണ് അത് സാധ്യമായത്. ഭാര്യ മിഷേല്‍ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. എട്ട് വര്‍ഷത്തിനിടെ ഒരു വിദേശ തീവ്രവാദ സംഘടനയ്ക്കും അമേരിക്കന്‍ മണ്ണില്‍ ഒരു ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഒബാമയുടെ പ്രധാന പദ്ധതികള്‍ പിന്‍വലിക്കാനൊരുങ്ങുന്ന ഡോണള്‍ഡ് ട്രംപിനുള്ള മറുപടി കൂടിയായിരുന്നു അത്.
കൂടാതെ പത്ത് ദിവസം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റില്‍ നിന്ന് അടുത്ത പ്രസിഡന്റിലേക്ക് സുഗമമായ അധികാരകൈമാറ്റം നടക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ മഹത്വമാണ് വെളിവാക്കുന്നതെന്നും ഒബാമ കൂട്ടിച്ചേർത്തു.
Post Your Comments