2007- ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് നരേന്ദ്ര മോദിയെ ‘മരണത്തിന്റെ വ്യാപാരി’ (Maut ka Saudagar ) എന്ന് ആക്ഷേപിച്ചത് . എത്ര ഗുരുതരമായ ആരോപണമാണ് അതെന്നോര്‍ക്കുക. ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗിക്കെതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ വാക്കുകളാണത് എന്നതില്‍ സംശയമില്ല . സോണിയ ഗാന്ധിയുടെ പ്രസംഗങ്ങള്‍ എല്ലാം എഴുതിവായിക്കുന്നവയാണ് എന്ന് എല്ലാവര്‍ക്കുമറിയാം . ആരോ എഴുതിക്കൊടുത്തത് ഗുജറാത്തിലെ പൊതുയോഗത്തില്‍ സോണിയ വായിച്ചതാണ്. യഥാര്‍ഥ അര്‍ത്ഥം മനസിലാക്കിയാണോ അതിനവര്‍ തയ്യാറായത് എന്നറിയില്ല. ( തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ആ വിഷയം പരാതിയായി എത്തിയപ്പോഴും കോണ്‍ഗ്രസും സോണിയയയും അതിനെ ന്യായീകരിച്ചിരുന്നു). അതെന്തായാലും സോണിയയുടെ ആ പ്രസംഗമായി, ആ വാക്കുകളായി, ആ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം. തനിക്കെതിരായ ഗുരുതരമായ ആക്ഷേപത്തെ തനിക്ക് അനുകൂലമാക്കാന്‍ നരേന്ദ്ര മോദിക്കായി; ബിജെപിക്കായി.
കോണ്‍ഗ്രസ് അവിടെ ആ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടത് ചരിത്രത്തിന്റെ ഭാഗമാണിന്ന് .
ഇനി 2014-ലേക്ക് വരാം. താനൊരു ചായക്കടക്കാരന്റെ മകനാണ് ( ചായവില്‍പ്പനക്കാരനായിരുന്നു ) എന്ന് പറഞ്ഞ നരേന്ദ്ര മോദിയെ കളിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാതോര്‍ക്കുക. മണിശങ്കര്‍ അയ്യരാണ് ആ വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് നിയുക്തനായത്. മണിശങ്കര്‍ അയ്യര്‍ അത് സാമാന്യം നന്നായി തന്നെ അവതരിപ്പിച്ചു. എന്നാല്‍ അതും കോണ്‍ഗ്രസിന് തലവേദനയായതല്ലേ അന്ന് നാമൊക്കെ കണ്ടത്. ആ പ്രശ്‌നത്തെ ദേശവ്യാപകമായി ഉപയോഗിക്കാന്‍ ബിജെപിക്കായി; നരേന്ദ്ര മോദിക്കായി. മോദിയുടെ പ്രതിച്ഛായ വളര്‍ത്താനായി ആ വിവാദത്തെ ബി.ജെ.പിക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തെ സോമാലിയയോട് ഉപമിക്കാന്‍ മോദി ശ്രമിച്ചത് വിവാദമായതോര്‍ക്കുക. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഇടത് – വലത് മുന്നണികള്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദി അങ്ങിനെ കേരളത്തെ കുറ്റപ്പെടുത്തിയിരുന്നില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ ; എന്നിട്ടും അത് വളച്ചൊടിക്കാനും ബിജെപിക്കെതിരെ പ്രയോഗിക്കാനും പ്രതിയോഗികള്‍ ശ്രമിച്ചതും ഓര്‍ക്കുക. അതില്‍ അവരെത്ര വിജയിച്ചു എന്നത് വേറെ കാര്യം. അതുപോലെ അനവധി ഉദാഹരണങ്ങള്‍ ഉണ്ടാവും. തിരഞ്ഞെടുപ്പിനെ തന്നെ ബാധിക്കുന്നവിധത്തിലേക്ക് കാര്യങ്ങള്‍ തിരിച്ചുവിടാന്‍ കഴിഞ്ഞ സംഭവങ്ങള്‍ പക്ഷെ കുറവാവും.
പ്രതിയോഗികള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍, പ്രതിയോഗികളുടെ വായില്‍നിന്നും വീഴുന്ന ഓരോ വാക്കും വാചകവും ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍, മറുപടിയില്ലാത്തതാവും. എന്നാല്‍ അതിനെ എങ്ങിനെ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്നതാണ് ചിന്തിക്കേണ്ടത്. എതിര്‍ക്കുന്നവരെ അതിനേക്കാള്‍ ശക്തിയായി, മോശമായി, തരം താണ നിലയില്‍ അധിക്ഷേപ്പിക്കാന്‍ ആര്‍ക്കുമാവും. അതിന് വലിയ ജ്ഞാനമൊന്നും വേണ്ട. എന്നാല്‍ ആ എതിര്‍പ്പിനെ, വിമര്‍ശനത്തെ, പ്രയോജനപ്പെടുത്താന്‍ ഒരു കഴിവ് ആവശ്യമാണ് ;അതൊരു കലയാണ് .. ബുദ്ധിയും വിവേകവും പക്വതയും വേണം. അതാണ് എല്ലാവരും ചിന്തിക്കേണ്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധാരണനിലയില്‍ അതൊക്കെ ഉണ്ടാവാറുണ്ട്. അവരുടെ കയ്യിലെത്തുന്ന ഒരു വാര്‍ത്തയിലെ ‘യഥാര്‍ഥ വാര്‍ത്ത’ എന്തെന്ന് പെട്ടെന്ന് തന്നെ അവന് മനസിലാവുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയക്കാര്‍ക്കും അത് സ്വായത്തമാവണം. അതത്ര എളുപ്പമല്ല ; എന്നാലും ഓരോരുത്തരും അതിനായി ചില ശ്രമങ്ങള്‍ നടത്തുന്നത് അവര്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നല്ലതാണ് .
2007ലും 2014ലും കോണ്‍ഗ്രസിന് സ്വന്തം നാവാണ് വിനയായത്. ഒരു സുപ്രധാന തിരഞ്ഞെടുപ്പിനെത്തന്നെ സ്വാധീനിക്കാന്‍, തിരഞ്ഞെടുപ്പുഫലത്തെ വഴിതിരിച്ചുവിടാന്‍ ഒരു പ്രസ്താവനയെ പ്രസംഗമോ ഒക്കെ കരണമായിക്കൂടായ്കയില്ല എന്നത് ഇന്നിപ്പോള്‍ സ്മരിച്ചുവെന്നുമാത്രം.
കെ.വി.എസ് ഹരിദാസ്
Post Your Comments