
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഏകദിന, ടിട്വന്റി ടീം ക്യാപ്റ്റന്‍ സ്ഥാനം എം.എസ് ധോണി ഒഴിഞ്ഞതിനെക്കുറിച്ച് പ്രതികരണവുമായി യുവരാജ് സിങ്. ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ മികവ് വിസ്മരിക്കാനാകാത്തതാണെന്നും യുവരാജ് വ്യക്തമാക്കി. തനിക്ക് വിരമിക്കാനുള്ള സമയമായെന്ന് ധോണിക്ക് തോന്നിയിട്ടുണ്ടാകുമെന്നും 2019 ലോകകപ്പ് ആകുമ്പോഴേക്ക് ഇന്ത്യയെ മറ്റൊരാള്‍ നയിക്കണമെന്ന് ധോണി തീരുമാനിച്ചിട്ടുണ്ടാകണമെന്നും യുവരാജ് പറഞ്ഞു.
കരിയറിന്റെ തുടക്ക കാലത്ത് ധോനിയോടൊപ്പം ആസ്വദിച്ച് കളിച്ചത് പോലെ ഇനിയും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു. അന്നും ധോണി നായക സ്ഥാനത്ത് ആയിരുന്നില്ല. ഇന്ത്യന്‍ ടീമിലേക്ക് ഏറെക്കാലത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ യുവരാജ് കോലിക്ക് കീഴില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. കോലി അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെയാണ് സഹകളിക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതെന്നും യുവരാജ് പറഞ്ഞു. 2000ത്തിലാണ് യുവരാജ് ഏകദിന അരങ്ങേറ്റം നടത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ധോണിയും ഇന്ത്യന്‍ ടീമിലെത്തി. എതിരാളികളെ ഒട്ടും ഭയമില്ലാതെ കളിച്ചിരുന്ന ആ പഴയകാലത്തെ പോലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും താനും ധോനിയും ഒരുമിച്ച് കളിക്കുമെന്നും യുവരാജ് വ്യക്തമാക്കി.
Post Your Comments