നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ കീഴിലുളള തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാവുകയാണ് .പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് മാനസിമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത് . ഈ വസ്തുത കണക്കിലെടുത്താൽ സാശ്രയ കോളേജുകൾക്കുള്ളിൽ അരാഷ്ട്രീയവല്കരിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ഭീതിപ്പെടുത്തുന്ന പഠന സാഹചര്യങ്ങളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത് . ഈ വിഷയത്തിൽ ഇതിനോടകം തന്നെ ഏറെ ചർച്ചകളും സംവാദങ്ങളും നടന്നുകഴിഞ്ഞു . എന്നാൽ പൊതുസമൂഹം ഈ ശബ്തങ്ങൾക്കു ചെവി കൊടുക്കാൻ ഒരു വിദ്യാർത്ഥിയുടെ ജീവൻ വേണ്ടിവന്നു എന്നയിടത്താണ് സമൂഹം എത്രത്തോളം അലംഭാവത്തോടെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തതെന്ന് തിരിച്ചറിയപ്പെടുന്നത് . മുഖ്യധാരാ മാധ്യമങ്ങളടക്കം ചർച്ച ചെയ്യേണ്ട വ്യാപ്തിയിലും , ഗൗരവത്തിലും പിശുക്കുകാട്ടുമ്പോൾ സോഷ്യൽ മീഡിയയാണ് ഈ വിഷയത്തെ അറിയേണ്ടവരെ അറിയിച്ചത് . ആഷിഖ് അബുവും , മാധ്യമപ്രവർത്തകനായ ഹർഷൻ പൂപ്പാറക്കാരനും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തു വന്നു . മാധ്യമങ്ങളെ കാത്തു നിൽക്കാതെ സമരം ചെയ്യാനാണ് ഹർഷൻ പറയുന്നത്
പാമ്പാടി നെഹൃു കോളേജിലെ ജിഷ്ണു ആത്മഹത്യ ചെയ്തത് കോളേജ് മുതലാളിമാരുടെ പീഡനംകൊണ്ടാണെന്ന് സംശയിക്കാവുന്ന സാഹചര്യങ്ങൾ പലതുണ്ട്.ജിഷ്ണുവിൻ്റെ അമ്മയും അതാരോപിയ്ക്കുന്നു.
ഒരദ്ധ്യാപകൻ മാത്രമല്ല പ്രതി,അയാൾ ഉൾപ്പെടുന്ന സിസ്റ്റമാണ് പ്രതി.സിസ്റ്റത്തിൻ്റെ അനീതി ഒരാത്മഹത്യയ്ക്ക് കാരണമാകുമ്പോൾ പ്രതികരിയ്ക്കേണ്ടതെങ്ങനെയെന്ന് നന്നായറിയാവുന്നവരായിരുന്നു കേരളത്തിലെ വിദ്യാർത്ഥിസമൂഹം.അനീതി നടന്നാൽ എന്തുചെയ്യണമെന്ന് ഒട്ടോ റെനേ കസീലോ പറഞ്ഞത് നൂറുവട്ടം വായിച്ചുറപ്പിയ്ക്കണമെന്നില്ല,രജനി എസ് ആനന്ദിൻ്റെ ആത്മഹത്യയോട് കേരളത്തിലെ വിദ്യാർത്ഥിസംഘടനകൾ പ്രതികരിച്ചതെങ്ങനെയെന്ന് കേട്ടറിഞ്ഞാൽ മതിയാകും. ഹർഷൻ ഇങ്ങനെ തുടരുന്നു
അകാലത്തിൽ മരണപ്പെട്ട സഹപാഠിയേപ്പറ്റി ഒരു ചങ്ങാതിയുടെ ഓര്മ കേൾക്കുക ” ഒരുപാട് ആഗ്രഹങ്ങളുള്ളൊരു മനുഷ്യനായിരുന്നു അവന്‍. അന്നു പരീക്ഷാ ഹാളില്‍ ഞാനുമുണ്ടായിരുന്നു. അടുത്ത ബെഞ്ചിലിരുന്നു പരീക്ഷയെഴുതുന്ന സുഹൃത്തിന്റെ പേപ്പറിലേക്ക് ജസ്റ്റൊന്നു തിരിഞ്ഞു നോക്കിയതായിരുന്നു അവന്‍. ഇന്‍വിജിലേറ്റര്‍ പി.ടി. പ്രവീണ്‍ കുമാര്‍ രണ്ടുപേരെയും എണീപ്പിച്ചു നിര്‍ത്തി. പരീക്ഷയ്ക്ക് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കാറുള്ളതല്ലേ. സാര്‍ രണ്ടു പേരുടേയും പേപ്പര്‍ ചെക്ക് ചെയ്തു. എല്ലാവര്‍ക്കും ഒരു വിഷയമല്ലേ. ഇക്വേഷനൊക്കെ ഒരുപോലെ തന്നെയല്ലേ എല്ലാവരും എഴുതുന്നത്. ഒരുപോലുള്ള ഇക്വേഷനുകള്‍ കണ്ടെന്നു പറഞ്ഞ് അഡീഷണൽ ഷീറ്റുകള്‍ കട്ടുചെയ്യണമെന്നു സാര്‍ പറഞ്ഞു.”
ജിഷ്ണു ആത്മഹത്യക്കു ശ്രമിച്ചതിനു ശേഷം ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും കോളേജില്‍ നിന്നു ആരും സഹായത്തിനുണ്ടായിരുന്നില്ലെന്നാണു സഹാപാഠികള്‍ പറയുന്നത്. രാത്രി ഒരുമണിവരെ മൃതദേഹത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. ഇന്നലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിട്ടും അദ്ധ്യാപകരോ പ്രിന്‍സിപ്പലോ മറ്റു മാനേജ്‌മെന്റ് പ്രിതിനിധികളോ പങ്കെടുത്തില്ല. ഇവരാരും ഫോണില്‍ വിളിച്ചു പോലും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. കോളേജ് അധികൃതര്‍ ഒരു റീത്തു പോലും സമര്‍പ്പിച്ചിട്ടില്ലെന്നു ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
Post Your Comments