ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി എല്ലായ്പ്പോഴും ചിന്തിക്കുന്നത് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫെയ്സ്ബുക്കിലൂടെയാണ് അഭിപ്രായ പ്രകടനവുമായി അരുണ്‍ ജെയ്റ്റ്ലി എത്തിയത്. പ്രധാനമന്ത്രി ചിന്തിക്കുന്നത് രാജ്യത്തിന്റെ നല്ല ഭാവിയെക്കുറിച്ചാണ്. കള്ളപ്പണം തിരികെയെത്തിക്കാനായുള്ള നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും വിശകലനം ചെയ്യുന്നത് ഏത് തരത്തിലാണെന്നത് ഇവര്‍ ഇരുവരേയും നോക്കി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 30നാണ് പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനം നിരന്തരം രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും ചേര്‍ന്ന് തടസ്സപ്പെടുത്തി. വരും തലമുറയ്ക്കു വേണ്ടി സാമ്പത്തികമായും സാമൂഹികമായും പ്രധാനമന്ത്രി രാജ്യത്തെ സജ്ജമാക്കുമ്പോള്‍ സഭ എങ്ങനെ തടസ്സപ്പെടുത്തുമെന്നു മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ ചിന്തയെന്ന് ഫെയ്സ്ബുക്കില്‍ ജെയ്റ്റ്ലി കുറിച്ചു. രണ്ടുമാസം പിറകിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്.
കോണ്‍ഗ്രസിനെ പോലെയുള്ള ഒരു ദേശീയ പാര്‍ട്ടി നൂതന സാങ്കേതികവിദ്യകളേയും മാറ്റങ്ങളേയും തള്ളിപ്പറയുന്നതിനെ ദുരന്തമെന്ന് തന്നെ പറയേണ്ടി വരും. നിഷ്പക്ഷരായ മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വേകളിലെല്ലാം പ്രധാനമന്ത്രിയുടെ നടപടിക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്. നോട്ട് അസാധുവാക്കലിനെതിരെ പ്രതിപക്ഷം പടച്ചുവിട്ട എല്ലാ പ്രചാരണങ്ങളും തെറ്റാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്നും ജെയ്റ്റ്ലി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments