NewsIndia

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറായിരുന്ന ഭീകരന്‍ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ മുസാഫര്‍ അഹ്മദ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മുസാഫര്‍. ഗുല്‍സാര്‍പോര ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.

അതേ സമയം ജമ്മുവിലെ ഷോപ്പിയാനില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍സി ഷൗക്കത്ത് ഗാനിയുടെ വീടിനു നേരെ ഭീകരരുടെ വെടിവെപ്പുണ്ടായി. പുലര്‍ച്ച നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ഗാനിയുടെ വീടിന് കാവലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചും വെടിവെപ്പ് നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവെപ്പ് നടക്കുന്ന സമയം ഷൗക്കത്ത് ഗാനി വീട്ടിലില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button