സ്ത്രീകള്‍ അഗസ്ത്യാര്‍കൂടത്തിലേക്ക് കയറേണ്ടെന്ന് വനംവകുപ്പ്; കാരണം?

ഈ വര്‍ഷവും അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. പുതിയ സര്‍ക്കാര്‍ വന്നിട്ടും നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടില്ല. ട്രക്കിങില്‍ സ്ത്രീകള്‍ക്ക് ഈ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക്. സ്ത്രീകള്‍ ടിക്കറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നാണ് വനം വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷവും ഇതേ അവസ്ഥ തന്നെയായിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളും നടന്നിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനമില്ല? ഇവിടെയും വിവേചനമാണോ? തുടങ്ങിയ ചോദ്യമാണ് ഉയര്‍ന്നത്. ജനുവരി 14 മുതലാണ് അഗസ്ത്യാര്‍കൂടത്തിലേക്കുളള സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. ഫ്രെബ്രുവരി 25 വരെ ഇത് നീളും.

ഓണ്‍ലൈന്‍ വഴി പ്രവേശന പാസുകള്‍ വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ട്രക്കിങിനായി സ്ത്രീകള്‍ക്കും, 14 വയസില്‍ താഴെയുളള കുട്ടികള്‍ക്കും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. യാത്രയ്ക്ക് വരുന്നവരെല്ലാം സ്വന്തം ഉത്തരവാദിത്വത്തില്‍ യാത്ര നടത്തേണ്ടതാണെന്നും, യാത്രയിലുണ്ടാകുന്ന കഷ്ട-നഷ്ടങ്ങള്‍ക്ക് വനംവകുപ്പോ, ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയോ ഉത്തരവാദിയായിരിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സുരക്ഷയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കുമ്പോള്‍ സ്ത്രീകളെ എന്തുകൊണ്ട് പ്രവേശിപ്പിക്കുന്നില്ല? സ്ത്രീകള്‍ക്ക് എന്താണ് ഇവിടെ തടസമായി വരുന്നത്?

ഒരു ദിവസം നൂറുപേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന അഗസ്ത്യാര്‍കൂടത്തില്‍ ഒരാളുടെ കൈയില്‍ നിന്നും ടിക്കറ്റിനത്തില്‍ 500 രൂപയാണ് ഈടാക്കുന്നത്.

Share
Leave a Comment