തിരുവനന്തപുരം: ജിഷ വധക്കേസില്‍ നുണപ്രചരണം നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ വധക്കേസ് അന്വേഷണത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിനും അന്വേഷണ സംഘത്തിനും വീഴ്ചപറ്റിയെന്നാരോപിച്ചാണ് സര്‍ക്കാര്‍ നുണപ്രചരണം നടത്തിയത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേസന്വേഷിച്ച പോലീസ് സംഘത്തിന് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അവര്‍ തെളിവുകളൊന്നും നശിപ്പിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ആദ്യ അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
അന്വേഷണത്തെ സംബന്ധിച്ച് സി.പി.എമ്മും അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും നുണപ്രചരണമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ കീഴിലുള്ള ആഭ്യന്തരവകുപ്പ് സമ്മതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പുപറയാന്‍ പിണറായിയും സി.പി.എമ്മും തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടുന്ന ഘട്ടമെത്തിയപ്പോഴാണ് ആദ്യ അന്വേഷണസംഘത്തെ മാറ്റിയത്. കേസ് തെളിയിച്ചതിന്റെ ക്രെഡിറ്റ് യു.ഡി.എഫ് സര്‍ക്കാരിന് ലഭിക്കാതിരിക്കാനാണ് പല ശ്രമങ്ങളും നടത്തിയത്. അധികാരത്തിലെത്തിയ ഉടനെ ഡി.ജി.പിയേയും അന്വേഷണ സംഘത്തേയും മാറ്റിയതും ഇതിന്റെ ഭാഗമായാണെന്നും ചെന്നിത്തല പറയുന്നു.
Post Your Comments