സ്വന്തം ലേഖകന്‍
തിരുവനന്തപുരം•സംസ്ഥാന മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരുടെ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയതോടെ ഊര്‍ജം വീണ്ടെടുക്കാനുള്ള ശ്രമം മന്ത്രിമാര്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതീക്ഷിക്കൊത്ത ഭരണം കാഴ്ചവയ്ക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഇങ്ങനെപോയാല്‍ നിലവിലെ മന്ത്രിമാരെ പിന്‍വലിച്ച് പകരം ആളെ ചുമതലപ്പെടുത്തേണ്ടിവരുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രവര്‍ത്തനത്തില്‍ മാത്രമാണ് സി.പി.ഐ പൊതുവേ തൃപ്തി രേഖപ്പെടുത്തുന്നത്. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, വനം മന്ത്രി കെ.രാജു, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരുടെ പ്രകടനം ശരാശരി മാത്രമായി ഒതുങ്ങുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനോ കൂടുതല്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ വകുപ്പുകളില്‍ നടപ്പാക്കാനോ മന്ത്രിമാര്‍ക്ക് കഴിയുന്നില്ല. സി.പി.ഐ മന്ത്രിമാരെ സി.പി.എം നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകുന്നതും മന്ത്രിമാരുടെ കാര്യക്ഷമത കുറവുകൊണ്ടാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനു പാര്‍ട്ടി നേതൃത്വം ശക്തമായി ഇടപെടണമെന്നാണ് മറ്റൊരു ആവശ്യം.
അതിനിടെ കഴിഞ്ഞ വി.എസ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന സി.ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായം ഒരുവിഭാഗത്തിനുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഇരുവരെയും ഒഴിവാക്കിയാണ് ഇക്കുറി പുതുമുഖങ്ങളെ മന്ത്രിമാരാക്കാന്‍ സി.പി.ഐ തീരുമാനിച്ചത്. ഭരണ നൈപുണ്യംകൊണ്ടും ഉറച്ച നിലപാടുകള്‍കൊണ്ടും സി.ദിവാകരന്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി സി.പി.എം നേതൃത്വം പോലും തുറന്നുസമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരിനെ തുടര്‍ന്നാണ് ദിവാകരന് മന്ത്രിസ്ഥാനം നഷ്ടമായത്. അതേസമയം സി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റമുണ്ടായാല്‍ സി.ദിവാകരന്‍ മന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
അതേസമയം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ വിമര്‍ശനമുയര്‍ന്നതോടെ നിലപാടുകള്‍ കര്‍ക്കശമാക്കാനും വിമര്‍ശനങ്ങളെ ശക്തിയായി പ്രതിരോധിക്കാനും മന്ത്രിമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സി.പി.ഐ മന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി എ.കെ ബാലനെതിരെ വനം മന്ത്രി കെ.രാജു തുറന്നടിച്ചത്. സി.പി.ഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് ബാലന്റെ ജോലിയല്ലെന്നായിരുന്നു രാജുവിന്റെ പ്രതികരണം. ബാലന്‍ പറഞ്ഞത് ബാലന്റെ അഭിപ്രായമാണെന്നും തെറ്റുകള്‍ തിരുത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും ബാലന്‍ മുഖ്യമന്ത്രിയുടെ ജോലി ചെയ്യേണ്ടെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ കെ.രാജു വ്യക്തമാക്കിയിരുന്നു.
Post Your Comments