Kerala

ലാഭവഴിയില്‍ കണ്‍സ്യൂമര്‍ഫെഡ്; യു.ഡി.എഫിന്റെ കാലത്തെ 1048കോടി ബാധ്യതയില്‍നിന്നും 23കോടി ലാഭത്തിലേക്ക് എത്തിയ കണ്‍സ്യൂമര്‍ഫെഡിന്റെ വിജയഗാഥ ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടിയിലേറെ രൂപയുടെ കടബാധ്യതയില്‍ മുങ്ങിയ കണ്‍സ്യൂമര്‍ഫെഡ് ആറുമാസം കൊണ്ട് ലാഭത്തിലേക്ക് തിരിച്ചെത്തി. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കണ്‍സ്യൂമര്‍ഫെഡിലെ ഡിജിറ്റല്‍വത്കരണത്തിലൂടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കിയിരുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ ഇ-ടെണ്ടര്‍ നടപ്പാക്കുകയും ഇന്‍വെന്ററി മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ അനാവശ്യമായ പണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവായതായി ധനമന്ത്രി ഡോ.തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലുള്ള നീതി സ്റ്റോറുകള്‍ 750ല്‍നിന്നും രണ്ടായിരമായി ഉയര്‍ത്താനും 1500 നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും നടപ്പുസാമ്പത്തിക വര്‍ഷം കണ്‍സ്യൂമര്‍ഫെഡിന്റെ ലാഭം 100കോടി കവിയുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കണ്‍സ്യൂമര്‍ഫെഡ് എങ്ങനെ ലാഭത്തിലായി? 1048 കോടി രൂപയുടെ കടബാധ്യത. 419 കോടി രൂപയുടെ സഞ്ചിത നഷ്ടം. 2016 ജൂലൈ മാസത്തില്‍ 7.7 കോടി രൂപ മാസനഷ്ടം. പ്രഥമദൃഷ്ട്യാ എഴുതി തള്ളേണ്ട കേസുകെട്ടായിരുന്നു അന്ന് കണ്‍സ്യൂമര്‍ഫെഡ്. എന്നാല്‍ ഈ ധനകാര്യ വര്‍ഷം അവസാനിക്കുമ്പോള്‍ 100 കോടി രൂപയെങ്കിലും പ്രവര്‍ത്തന ലാഭം ഉണ്ടാകുമെന്നു പറഞ്ഞാല്‍ അധികമാരും വിശ്വസിച്ചെന്നു വരില്ല. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജൂലൈ അവസാനം ചുമതലയേറ്റിട്ട് അഞ്ച് മാസം പിന്നിടുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡ് 23 കോടി രൂപ പ്രവര്‍ത്തനലാഭത്തില്‍ ആയി കഴിഞ്ഞു. എങ്ങനെ ഇതു നേടി?

1. ഏറ്റവും വലിയ നഷ്ടം ഏതാണ്ട് 1000 രൂപ പ്രതിമാസ വില്‍പ്പനയുണ്ടായിരുന്ന 785 നന്മ സ്റ്റോറുകളായിരുന്നു. ജൂലൈ വരെ ഇവയുടെ നഷ്ടം 9.3 കോടി രൂപയായിരുന്നു. വേദനാജനകമെങ്കിലും ഇവ അടച്ചുപൂട്ടി. 2266 ദിവസവേതനക്കാരെ ഒഴിവാക്കി.
2. അതേസമയം മറ്റു സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നീതി സ്റ്റോറുകള്‍ പരമാവധി വര്‍ദ്ധിപ്പിക്കുകയാണ്. ഇവിടെ മുതല്‍ മുടക്കും മേല്‍നോട്ടവും അതാതു സംഘങ്ങള്‍ തന്നെയാണ്. നല്ല ചരക്കുകള്‍ ന്യായവിലയ്ക്ക് എത്തിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതല. അതിന് ആവിഷ്‌കരിച്ച പുതിയ സമ്പ്രദായം ഇതാണ്. നീതി സ്റ്റോറുകള്‍ക്കു വേണ്ടുന്ന ചരക്കുകള്‍ അവര്‍ ഇന്‍ഡന്റ് ചെയ്യും. കണ്‍സ്യൂമര്‍ഫെഡ് ഇ ടെണ്ടര്‍ വഴി വില ഉറപ്പിക്കും. ഈ വില സ്വീകാര്യമെങ്കില്‍ റൊക്കം പണം നല്‍കിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചരക്ക് സ്റ്റോറില്‍ എത്തിക്കും. ഇതുവഴി പ്രവര്‍ത്തന മൂലധനം പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു. 31 കോടി രൂപയാണ് നീതി സ്റ്റോറുകള്‍ വഴിയുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഇതുവരെയുള്ള വാര്‍ഷികനഷ്ടം. മാര്‍ച്ച് ആകുമ്പോഴേക്കും ലാഭമായി മാറും.

3. എന്തിന് മറ്റു സഹകരണ സംഘങ്ങള്‍ പണം റൊക്കം നല്‍കി ചരക്കുകള്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും വാങ്ങണം? കേന്ദ്രീകൃത ഇ ടെണ്ടറും റൊക്കം കാശു കൊടുക്കുന്നതും സ്രോതസ്സില്‍ നിന്നും വാങ്ങുന്നതുംമൂലം 25 ശതമാനം വരെ വില കുറച്ചു ചരക്കുകള്‍ ലഭിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ സ്വന്തം സ്റ്റോറുകളായ ത്രിവേണിയുടെയും നീതിയുടെയും ടെന്‍ഡര്‍ ഒരുമിച്ചാക്കി. അഴിമതി ഇല്ലാതാക്കി.

4. വിദേശ മദ്യഷാപ്പുകളാണ് കണ്‍സ്യൂമര്‍ഫെഡിന്റെ മുഖ്യലാഭ സ്രോതസ്. അവിടെ നടമാടിയിരുന്ന തിരുമറികള്‍ അവസാനിപ്പിച്ചു. മദ്യ കമ്പനികള്‍ ജീവനക്കാര്‍ക്കു നേരിട്ടു ഇന്‍സെന്റീവ് നല്‍കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചു. നോട്ട് ക്ഷാമത്തെ നേരിടാന്‍ കണ്‍സ്യൂമര്‍ഫെഡ് അവരുടേതായ ഡിജിറ്റല്‍ സമ്പ്രദായം ജില്ലാ സഹകരണ ബാങ്കുമായി യോജിച്ച് രൂപം നല്‍കി. ഇതുപോലെ ഓരോ കാര്യങ്ങളും.

5. ആവശ്യമില്ലാത്ത വണ്ടികളും സ്റ്റോക്കും എല്ലാം ലേലംവിളിച്ചു വിറ്റു. സ്റ്റോക്കിന് പ്രായ ഇന്‍വെന്ററി ഏര്‍പ്പെടുത്തി. ഇന്‍വെന്ററി മാനേജ്‌മെന്റിലൂടെ പല ഗോഡൗണുകളും ഒഴിവാക്കാന്‍ കഴിഞ്ഞു.

6. ഏറ്റവും പ്രധാനപ്പെട്ടത് ഫിനാന്‍ഷ്യല്‍ റീസ്ട്രക്ച്ചറിങ്ങായിരുന്നു. സ്റ്റേറ്റ് സഹകരണ ബാങ്ക് (240 കോടി രൂപ), എറണാകുളം ജില്ലാ സഹകരണ ബാങ്ക് (210 കോടി രൂപ), തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് (50 കോടി രൂപ) 11-13.5 ശതമാനം പലിശയ്ക്ക് നിഷ്‌ക്രിയ ആസ്തികളായി ഉണ്ടായിരുന്നു. സഹകരണ സംഘങ്ങളില്‍ നിന്ന് ഇത്രയും തുക രണ്ടാഴ്ച വായപ്‌ക്കെടുത്തു. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ഈ കടങ്ങള്‍ വീട്ടി. എന്നിട്ട് ഇവിടെ നിന്ന് പുതിയ വായ്പകള്‍ 9 ശതമാനത്തിന് ഏര്‍പ്പാടാക്കി. സഹകരണ സംഘങ്ങളുടെ മുതലും പലിശയും തിരിച്ചുകൊടുത്തു.

വിസ്തരഭയത്താല്‍ കൂടുതല്‍ വിവരിക്കുന്നില്ല. ഇപ്പോള്‍ 750 നീതി സ്റ്റോറുകളാണുള്ളത്. അവ 2000 നീതി സ്റ്റോറുകളും 1500 നീതി മെഡിക്കല്‍ സ്റ്റോറുകളായി ഉയര്‍ത്താനാണ് പരിപാടി. ഈ വര്‍ഷം ലാഭം 100 കോടി കവിയും. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് സഞ്ചിത നഷ്ടവും ഒഴിവാക്കും. മെഹബൂബ് (ചെയര്‍മാന്‍), രാമനുണ്ണി (എം.ഡി), സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button