ബംഗളൂരു: ബംഗളുരുവില്‍ പുതുവര്ഷാഘോഷങ്ങളില് പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി അപമാനിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായ മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയായി പെണ്‍കുട്ടിയുടെ പിന്നാലെയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു.
പുതുവര്‍ഷാഘോഷങ്ങള്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ ബംഗളുരുവിലെ കമ്മനഹള്ളിയില്‍ വച്ചാണ് യുവതിയെ ബൈക്കിലെത്തിയ സംഘം കയറിപിടിച്ച് അപമാനിച്ചത്. സിസിടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അക്രമികള്‍ക്കെതിരെ ലൈംഗിക പീഡനത്തിനും മോഷണശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ് ട്വീറ്റ് ചെയ്തു. അക്രമികളെ കണ്ടെത്താനായി 45 സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ കടന്നുപിടിക്കുന്നതിന്റേയും തള്ളിയിടുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
Post Your Comments