ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തുവെന്ന് ബാലേരി എസ്.പി സമീര്‍ സുരേഷ് പറഞ്ഞു. മദ്യലഹരിയിലെത്തിയ പിതാവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ബലാത്സംഗശ്രമം തടയാനുള്ള ശ്രമത്തിനിടെ പെൺകുട്ടി അടുക്കളയിലേക്ക് ഓടിരക്ഷപ്പെട്ടു.
തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് പിതാവിന്റെ തലയക്കടിച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കി. തലയ്‌ക്കേറ്റ മാരക മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് പിതാവ് മരിച്ചത്. സംഭവസമയത്ത് പെണ്‍കുട്ടിയുടെ മാതാവ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത് പ്രകാരം അയല്‍ക്കാരില്‍ നിന്നും സഹായം തേടാനും ആംബുലന്‍സ് വിളിച്ച് പിതാവിനെ ആശുപത്രിയിലെത്തിക്കാനും മാതാവ് നിര്‍ദ്ദേശിച്ചു. പക്ഷെ ആംബുലന്‍സ് എത്തിയില്ല. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുവെങ്കിലും ആരും സഹായത്തിനായെത്തിയില്ല. പുലര്‍ച്ചയോടെ പെണ്‍കുട്ടിയുടെ മാതാവ് എത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
പിതാവില്‍ നിന്നും തനിക്ക് മോശമായ അനുഭവം മുന്‍പും ഉണ്ടായിരുന്നതായി അമ്മയോട് സൂചിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പല തവണ പിതാവ് തന്നെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീടിന് മുന്‍പിലുള്ള സിസി ടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments