കുവൈറ്റ്: കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെട്ട കണ്ടയ്‌നര്‍ കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായത് കുവൈറ്റ് ധനകാര്യ മന്ത്രി. കള്ളക്കടത്ത് സംഭവത്തില്‍ ധനകാര്യമന്ത്രി അനസ് അല്‍ സാലിഹിനെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ രംഗത്ത് എത്തി. സംഭവവുമായി ബന്ധപ്പെട്ട് 3 മലയാളികള്‍ കുവൈറ്റിലും ദുബായിലും കഴിഞ്ഞ ദിവസം പിടിയിലാവുകയും കസ്റ്റംസ് ഡയറക്ടര്‍ ജനറലിനോട് ജോലിയില്‍ നിന്നും പിരിഞ്ഞു പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു മന്ത്രിക്ക് എതിരെ കടുത്ത നിലപാടുമായി എം.പിമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 14 നാണു ദുബായില്‍ നിന്നും ശുവൈഖ് തുറമുഖത്തില്‍ എത്തിയ 13 കണ്ടയ്‌നറുകള്‍ അപ്രത്യക്ഷമായത്. ഇതെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വിദേശ മദ്യം അടങ്ങിയ രണ്ട് കണ്ടയ്‌നറുകള്‍ അംഗാര പ്രദേശത്തു നിന്നും കണ്ടെത്തുകയുണ്ടായി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ മൂന്ന് പ്രതികളാണു അന്വേഷണ സംഘത്തിന്റെ പിടിയിലായിരിക്കുന്നത്. ഇവരില്‍ പ്രധാന പ്രതി നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കുവൈറ്റ് വിമാന താവളത്തില്‍ വെച്ചും ഇയാളുടെ സഹായി അംഗാര പ്രദേശത്ത് വെച്ചുമാണ് പിടിയിലായത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി ദുബായില്‍ വെച്ചാണു അറസ്റ്റിലായത്. ഇന്ത്യക്കാരായ മറ്റു രണ്ടു പ്രതികള്‍ ദുബായ് വഴി നാട്ടിലേക്ക് കടന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം കുവൈറ്റ് പാര്‍ലമെന്റിലും ഏറെ ഒച്ചപ്പാടുകള്‍ക്ക് കാരണമായി.സംഭവത്തെ തുടര്‍ന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ സൈയ്ഫിനോട് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതായി ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപ പ്രധാനമന്ത്രി അനസ് സാലിഹ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള വീഴ്ചയാണു മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് എം.പിമാര്‍ കുറ്റപ്പെടുത്തി.
Post Your Comments