റിയാദ്: പണം വെളുപ്പിക്കല്‍ വിഷയത്തില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം.
പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നേരിടുന്ന വിഷയത്തില്‍ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് ഇരു രാജ്യങ്ങളിലെയും സാമ്പത്തിക കുറ്റാന്വേഷണ വകുപ്പുകള്‍ തമ്മില്‍ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ഒപ്പുവെച്ചത്.
സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ധാരണാപത്രം അംഗീകരിച്ചുകൊണ്ടുള്ള ശുറാ കൗണ്‍സില്‍ തീരുമാനവും പരിഗണിച്ചാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Post Your Comments