ദോഹ•കൊലപാതകക്കേസില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തര്‍ സുപ്രീംകോടതി ശരിവച്ചു. 2012 ല്‍ ഒരു സ്വദേശി വൃദ്ധയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികളായ തമിഴ്നാട് സ്വദേശികളായ ചെല്ലദുരൈ പെരുമാള്‍, അളഗപ്പ സുബ്രഹ്മണ്യന്‍ എന്നിവരുടെ അപ്പീലുകള്‍ സുപ്രീംകോടതി തള്ളി. അതേസമയം, മൂന്നാം പ്രതിയായ ശിവകുമാര്‍ അരസന്റെ ജീവപര്യന്തം തടവ് 15 വര്‍ഷമായി ഇളവ് ചെയ്തതായും ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2012 ല്‍ സലത്ത ജദീദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീടിന് സമീപത്തെ നിര്‍മ്മാണ സൈറ്റിലായിരുന്നു പ്രതികള്‍ ജോലി ചെയ്തിരുന്നത്.വീട്ടില്‍ സ്ത്രീ ഒറ്റയ്ക്കായിരുന്നു താമസം. റമദാന്‍ സമയത്ത് പ്രതികളെ വിളിച്ച് വൃദ്ധ ഭക്ഷണവും മറ്റും നല്‍കിയിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് പ്രതികള്‍ വൃദ്ധയുടെ വീട്ടില്‍ പ്രവേശിച്ചത്. വീടിന്റെ സാഹചര്യങ്ങളും ക്രമീകരണങ്ങളും മനസിലാക്കിയാണ് കൃത്യം നടത്തിയത്. വീട്ടില്‍ മോഷണം നടത്താന്‍ കയറവെ ജോലിക്കാരിയും വൃദ്ധയും ഉണര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ കൊല നടത്തിയത്. കേസിലെ ഏക ദൃക്സാക്ഷിയാണ് വേലക്കാരി. സംഭവം നടന്ന് ഏതാനും ദിവസത്തിനകം മൂവരും അറസ്റ്റിലായി. കൊലചെയ്യപ്പെട്ട വൃദ്ധയുടെ കുടുംബം വിചാരണ വേളയില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2016 മേയ് 30 നാണ് കീഴ്ക്കോടതി ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയും മൂന്നാം പ്രതിയ്ക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഈ ശിക്ഷയാണ് മൂന്നാംപ്രതിയുടെ ശിക്ഷയിലെ ഇളവോടെ സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്.
Post Your Comments