NewsInternational

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഐ.എസ് ലക്ഷ്യം വെയ്ക്കുന്നു എന്നതിന് വ്യക്തമായ തെളിവ് ; ഐ.എസ് പുറത്തുവിട്ട വീഡിയോയില്‍ മോദിയ്‌ക്കെതിരെ പരാമര്‍ശം

ഇസ്താംബുള്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഐ.എസ് ലക്ഷ്യം വെയ്ക്കുന്നു എന്നതിന് വ്യക്തമായ തെളിവ്    . മോദിയ്‌ക്കെതിരെ പരാമര്‍ശം നടത്തുന്ന വീഡിയോ ഐ.എസ് പുറത്തുവിട്ടു. പുതുവര്‍ഷരാത്രി തുര്‍ക്കിയിലെ നിശാക്ലബ്ബില്‍ നടന്ന ഭീകരാക്രമണത്തിനു മുന്നോടിയായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ പുറത്തുവിട്ട വീഡിയോയില്‍ തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ഉള്‍പ്പെടെയുള്ള  നേതാക്കള്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പരാമര്‍ശം ഉണ്ടായത്   . മുസ്ലിം വിഭാഗക്കാരുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന നേതാക്കളെക്കുറിച്ചു പരാമര്‍ശിക്കുമ്പോഴാണു മോദിയുടെ പേരും ഐഎസ് വിഡിയോയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
‘ദ് ക്രോസ് ഷീല്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന വീഡിയോ 19 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ളതാണ്. ടര്‍ക്കിഷ്, അറബിക് ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോയില്‍ തുര്‍ക്കിക്കാരായ രണ്ട് സൈനികരെ സിറിയയില്‍ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളുമുണ്ട്.
സിറിയയിലെ യുദ്ധത്തില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പങ്കിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കുന്ന വീഡിയോ ദൃശ്യത്തില്‍, തുര്‍ക്കിയില്‍ സര്‍വനാശം വിതയ്ക്കുമെന്ന ഭീഷണിയുമുണ്ട്.
അഫ്ഗാനിസ്ഥാനിലെ പരിതാപകരമായ അവസ്ഥയേക്കുറിച്ചും വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്. മുസ്ലിം വിഭാഗക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോക നേതാക്കളെന്ന് ഐഎസ് വിശേഷിപ്പിക്കുന്നവര്‍ തുര്‍ക്കി പ്രസിഡന്റിനും മറ്റു നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ്, ഫ്രാന്‍സിസ് മാര്‍പാപ്പ, മുന്‍ മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍ സെയിന്‍, ഇസ്രയേല്‍ നേതാക്കള്‍, പുരോഹിതര്‍ തുടങ്ങിയവര്‍ ചിത്രങ്ങളിലുണ്ട്.
തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗനൊപ്പം നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് വീഡിയോയിലുള്ളത്. 2015 നവംബറില്‍ ജി20 ഉച്ചകോടിക്കായി തുര്‍ക്കിയിലെത്തിയ അവസരത്തില്‍ എടുത്ത ചിത്രമാണിത്. രണ്ട് ഇന്ത്യക്കാര്‍ അടക്കം 39 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ചില ജിഹാദി വെബ്‌സൈറ്റുകളില്‍ വീഡിയോ അപ്ലോഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button