അച്ചടിയിൽ നിന്നും ദൃശ്യവിന്യാസത്തിലേക്കുള്ള മാധ്യമപ്രർത്തനത്തിന്റെ കുതിച്ചു കയറ്റം വളരെ പെട്ടെന്നായിരുന്നു. പ്രത്യേകിച്ച് മലയാളത്തിൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി വാർത്താ ചാനലുകളുടെ ആവിർഭാവത്തിനും വളർച്ചക്കും മലയാളികൾ സാക്ഷ്യം വഹിച്ചു. ചാനൽ വാർത്തകൾക്ക് കാര്യമായ സ്പേസ് ഉണ്ടാകില്ല എന്നു ചിന്തിച്ചടുത്തുനിന്ന് പത്തോളം വാർത്താ ചാനലുകൾ മലയാളികളുടെ സ്വീകരണമുറിയിലെത്തി. വാർത്ത എന്നത് മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായി പുരോഗമിക്കുമ്പോഴാണ് ഇന്റർനെറ്റ് സൗകര്യം കൂടുതൽ ജനകീയമാകുന്നത്. അതോടെ വാർത്താചാനലുകൾ കൈയ്യടക്കിയ മലയാളികളുടെ സമയത്തെ ക്രമേണ ന്യൂസ് പോർട്ടലുകൾ കൈയ്യേറാൻ തുടങ്ങി. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ സംവിധാനം കരുത്താർജിച്ചത് വാർത്താ വെബ് പോർട്ടലുകളുടെ വളർച്ച ത്വരിതഗതിയിലാക്കി. കഴിഞ്ഞ ഏഴുവർഷത്തെ മാധ്യമ ചരിത്രം പരിശോധിച്ചാൽ പത്രങ്ങളെക്കാളും വാർത്താ ചാനലുകളെക്കാളും ഓൺലൈൻ ന്യൂസ് പോർട്ടലുകൾ നേടിയ സ്വീകാര്യത എത്രത്തോളം വലുതാണെന്ന് മനസിലാക്കാം.
ഈ കാലയളവിൽ മലയാളത്തിൽ പിറവിയെടുത്തത് അഞ്ഞൂറിലധികം ഓൺലൈൻ മാധ്യമങ്ങളാണ്. ന്യൂസ് പോർട്ടലുകൾ ജനപ്രീതിയാർജിച്ചതോടെ എല്ലാ പത്രങ്ങളും എല്ലാ വാർത്താ ചാനലുകളും ഓൺലൈൻ എഡിഷൻ ആരംഭിക്കാൻ നിർബഡിതരായി. അതേസമയം വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ സംജാതമായതോടെ നാഥനില്ലാത്ത പേരിൽ അജ്ഞാതകേന്ദ്രങ്ങളിൽ നിന്നു ഉയിർകൊണ്ട ചിലന്യൂസ് പോർട്ടലുകളെങ്കിലും മാധ്യമ പ്രവർത്തനത്തിന്റെ സത്യസന്ധതക്ക് കളങ്കം ചാർത്തുകയും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഭാഗ്യവശാൽ അത്തരം നീർകുമിളകൾക്കൊന്നും അധികം ആയുസുണ്ടായില്ല. വന്ന അതേ വേഗത്തിൽ അവ പ്രവർത്തനം നിലച്ചു.
എന്നാൽ ഓൺലൈൻ ജേണലിസം വളരെ ഗൗരവത്തോടെ കാണുന്ന ഇരുപതോളം വാർത്താ പോർട്ടലുകൾ ഇന്ന് മലയാളികളുടെ വായനാബോധത്തെ സജീവമാക്കുന്നുണ്ട്. അതിൽപ്പോലും ചാനലിന്റെയോ പത്രത്തിന്റെയോ പിൻബലമില്ലാതെ സ്വതന്ത്രമായി നിലനിൽക്കുന്ന ഓൺലൈൻ പോർട്ടലുകൾ വിരലിൽ എണ്ണാവുന്നത് മാത്രമാണ്. അതിൽതന്നെ വായനക്കാരുടെ എണ്ണത്തിലും അലക്സാ റാങ്കിങ്ങിലും ആദ്യത്തെ മൂന്ന് സ്വതന്ത്ര ഓൺലൈൻ പോർട്ടലുകളിൽ ഒന്ന് ഈസ്റ്റ് കോസ്റ്റ് ഡെയിലിയാണ്. അഞ്ചുവർഷം മുമ്പ് ഇതുപോലൊരു പുതുവർഷ പുലരിയിൽ പിറവിയെടുത്ത ഈസ്റ്റ് കോസ്റ്റ് ഡെയിലി ലോകത്ത് മലയാളം ഉള്ളിടത്തെല്ലാം നിത്യസാന്നിധ്യമായി കഴിഞ്ഞു. തികഞ്ഞ പ്രൊഫഷണലിസത്തിന്റെയും കൃത്യമായ എഡിറ്റോറിയൽ മേൽനോട്ടത്തിന്റെയും കരുത്തിലാണ് ഈ പിന്നിട്ട അഞ്ചുവർഷവും ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ പ്രയാണം സാധ്യമായത്.
ഓരോ മാധ്യമത്തിനും സ്വാഭാവികമായും ഒരു പക്ഷമുണ്ടാകും. വ്യക്തിതാൽപര്യങ്ങളോ കച്ചവട താൽപര്യങ്ങളോ സംരക്ഷിക്കാതെ ജനപക്ഷനിലപാടുകൾക്കൊപ്പം എക്കാലവും നിലകൊള്ളാൻ കഴിഞ്ഞ അപൂർവം ഓൺലൈൻ പോർട്ടലുകളിൽ ഒന്നാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലിയെന്ന് നിസംശയം പറയാം. ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമ ആശയങ്ങളെ വായനക്കാരിലെത്തിക്കേണ്ട ഉത്തരവാദിത്തം സ്വാഭാവികമായും ഒരു മാധ്യമത്തിനുണ്ട്.
നെഗറ്റീവ് ജേണലിസം ഇന്ന് അതിന്റെ സകല സീമകളും ലംഘിക്കാൻ വ്യഗ്രത കാട്ടുമ്പോഴും പോസിറ്റീവ് ആയതും വാർത്തയാണ് എന്നു മറ്റു സമാന്തര ഓൺലൈൻ പോർട്ടലുകളെയും ഇതര മാധ്യമങ്ങളേയും വായനക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താനും ഈസ്റ്റ് കോസ്റ്റ് ഡെയിലിക്ക് കഴിഞ്ഞിട്ടുണ്ട്. ചില മാധ്യമങ്ങൾ രാഷ്ട്രീയ പക്ഷപാതിത്വം പുലർത്തുമ്പോൾ ചിലർ ഭരണകൂടത്തിനെതിരായ നിലപാടുകൾ പിന്തുടരുന്നു. അതെല്ലാം അവരവരുടെ എഡിറ്റോറിയൽ പോളിസിയുടെ ഭാഗം മാത്രം. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ നിലപാടുകളെ പിന്തുണക്കുന്നതിന്റെ പേരിൽ അന്ധമായ രാഷ്ട്രീയ വിരോധം പുലർത്തുന്ന ചിലർ ഈസ്റ്റ് കോസ്റ്റ് ഡെയിലിക്കെതിരേ വിമർശനം ഉന്നയിക്കുന്നുണ്ട്. അത്തരക്കാരുടെ ഉള്ളിലുള്ള അസഹിഷ്ണുതയുടെ ബഹിർഗമനം മാത്രമായേ ആ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതുള്ളൂ. ഇടതു വലതു ആശയങ്ങൾ പിന്തുടരുന്നവരടക്കമുള്ള ലക്ഷക്കണക്കിന് വായനക്കാരുടെ പിന്തുണയും സഹകരണവും കൂടി ഉണ്ടായതു കൊണ്ടുമാത്രമാണ് കഴിഞ്ഞ അഞ്ചുവർഷവും മികച്ച രീതിയിൽ മുന്നേറാൻ ഈസ്റ്റ് കോസ്റ്റ് ഡെയിലിക്ക് കഴിഞ്ഞത്. അതേസമയം ക്രിയാത്മകമായ നിർദേശങ്ങൾ സ്വീകരിച്ച് വേണ്ടുന്ന തിരുത്തലുകൾ നടത്താനും ശ്രദ്ധിച്ചിട്ടുണ്ടെന്നും വായനക്കാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും.
എന്തായാലും വാർത്തകളിൽ രാഷ്ട്രീയം കാണാതെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നതാകണം വായനക്കാരന്റെ വിമർശനരീതി. വാർത്തകളുടെ വിന്യാസത്തിലെ സത്യസന്ധതയോട് അസഹിഷ്ണുത പുലർത്തിയിട്ട് കാര്യമില്ല. കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത ശരിയല്ലെന്ന് സാരം.
Post Your Comments