തൊടുപുഴ : ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാക്കിയതോടെ സംസ്ഥാനത്ത് 1600ല്‍ അധികം പോലീസുകാർ ദുരിതത്തിലായി. നമ്പറുകള്‍ റദ്ദാക്കിയിട്ട് 10 ദിവസം പിന്നിടുന്നതോടെ സ്റ്റേഷന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ എസ്‌ഐമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇപ്പോൾ കുഴയുകയാണ്.
സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് അനുവദിച്ച് നല്‍കിയ ബിഎസ്എന്‍എല്‍ സിമ്മുകൾ റദ്ദാക്കിയതെന്നാണ് പ്രാഥമിക വിവരം. അവശ്യ സേവനങ്ങള്‍ക്കടക്കം ഏത് സമയവും വിളിച്ചാല്‍ ലഭിക്കേണ്ട നമ്പറുകളാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഇതേ തുടർന്ന് ഇടുക്കിയില്‍ മാത്രം ഉപ്പുതറ, ദേവികുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ എസ്‌ഐമാരുടെ നമ്പറുകള്‍ ഇങ്ങനെ റദ്ദാക്കപ്പെട്ടു.
ഉപയോഗശൂന്യമായവ കണ്ടെത്തുന്നതിനു വേണ്ടിയും, ഔദ്യോഗിക നമ്പറുകള്‍ മുന്‍പ് ഇരുന്നവരുടെ പേരില്‍ നിന്ന് മാറ്റുന്നതിനുമായി ശേഖരിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അടങ്ങുന്ന പേപ്പറുകള്‍ നഷ്ടപ്പെട്ടതാണ് ഫോണ്‍ കണക്ഷന്‍ റദ്ദാകാന്‍ കാരണം. അതാത് ജില്ലയില്‍ ശേഖരിക്കുന്നവ എസ്പി ഓഫീസിലും അവിടെ നിന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കുമാണ് അയച്ചിരുന്നു. ഇവിടെ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് വിവരങ്ങൾ കൈമാറിയതില്‍ പറ്റിയ പാകപ്പിഴയാണ് ഗുരുതര പ്രശ്‌നത്തിന് കാരണം. മറ്റ് ജില്ലകളിലും താഴെ തട്ടിലുള്‍പ്പെടെ ഇത്തരത്തില്‍ നമ്പറുകള്‍ റദ്ദായിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ പിടിപ്പ് കേട് മൂലം പോലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം വിളിക്കുന്നതിന് പോലും സ്വകാര്യ നമ്പറിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. മൂന്ന് ദിവസത്തിനകം എല്ലാം ശരിയാകുമെന്നാണ് പോലീസിലെ ഉന്നതര്‍ നല്‍കുന്ന വിവരം.
സി.യു.ജി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ക്‌ളോസ്ഡ് യൂസര്‍ ഗ്രൂപ്പ് എന്ന മൊബൈല്‍ ജിഎസ്എം സേവന പ്രകാരം 40,000 ല്‍ അധികം നമ്പറുകളാണ് സംസ്ഥാനത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി അനുവദിച്ചിരുന്നത്. സി.യു.ജി പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം സൗജന്യമായി വിളിക്കാനും മെസേജ് അയക്കാനും സാധിക്കും.നിലവില്‍ മാസം 2 ജിബി ഡേറ്റയും ഇത്തരത്തില്‍ നല്‍കുന്നുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള ഫോൺ നമ്പർ റദ്ദാക്കൽ പോലീസ് സേനയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Post Your Comments