തൊടുപുഴ: ബിവറേജസ് ഔട്ട്ലെറ്റിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ഇനി മുതൽ ‘ക്യൂ നിൽപിനു’ വിട ഇനി ക്യൂവിലിരുന്ന് മദ്യം വാങ്ങാം. ക്ഷീണിക്കുമ്പോൾ ‘സാദാ’ വെള്ളം കുടിക്കാം. ടോയ്‌ലറ്റും റെഡി. മദ്യവിൽപ്പനശാലകളിൽ ക്യൂവിൽനിന്നു മദ്യം വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്നാണ് എംഡിയുടെ ഉത്തരവ്. സ്റ്റാൻഡിങ് ക്യൂ മാറ്റി പകരം ഇനി മുതൽ സിറ്റിങ് ക്യൂ മാത്രമേ പാടുള്ളൂവെന്നും ജില്ലകളിലെ മാനേജർമാർക്ക് ഇന്നലെ ലഭിച്ച ഉത്തരവിൽ പറയുന്നു. ഇനി മദ്യവിൽപനശാലകൾക്കു മുന്നിൽ ഒരുക്കുക ബസ് സ്റ്റോപ്പുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന രീതിയിലുള്ള ഇരിപ്പു സംവിധാനമാണ്.
കൂടാതെ ഉത്തരവിൽ മദ്യവിൽപനശാലകളോടനുബന്ധിച്ച് ശുദ്ധജല വിതരണത്തിനുള്ള സൗകര്യവും ശുചിമുറികളും സജ്ജമാക്കണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പക്ഷെ എന്നു മുതൽ പുതിയ പരിഷ്കാരം നടപ്പാക്കണമെന്നു എംഡിയുടെ ഉത്തരവിൽ പറഞ്ഞിട്ടില്ല.
Post Your Comments