റിയാദ്: ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം റിയാദിൽ നിന്ന് നാളെ കേരളത്തിലെത്തിക്കും. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്‍കുഞ്ഞു യോഹന്നാന്‍ തോമസിന്റെ മൃതദേഹമാണ് നാളെ നാട്ടിലെത്തിക്കുന്നത്.
അല്‍ ഖര്‍ജില്‍ ഹൗസ് ഡ്രൈവറായിരുന്ന യോഹന്നാന്‍ തോമസിനെ 2015 ജൂലൈ 28 നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറാകാത്തതിനെ തുടർന്ന് തൊഴിലുടമയും കൈയ്യൊഴിഞ്ഞു. ദീര്‍ഘകാലം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അല്‍ ഖര്‍ജില്‍ സംസ്‌കരിക്കാന്‍ ഗവര്‍ണറേറ്റ് ഉത്തരവിട്ടു. നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് യോഹന്നാന്‍ തോമസിന്റെ ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും തോമസിന്റെ മകന്റെ പരീക്ഷ കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിച്ചാല്‍ മതിയെന്ന് വീട്ടുകാർ അറിയിച്ചു. ഇതിനിടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞതോടെ മൃതദേഹം കയറ്റി അയക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായി. ഇന്ത്യന്‍ എംബസി സൗദി പാസ്‌പോര്‍ട് വകുപ്പിന്റെ സഹായത്തോടെ നിയമ നടപടി പൂര്‍ത്തിയാക്കിയതോടെയാണ് ഇന്നു വൈകുന്നേരം മൃതദേഹം നാട്ടിലേക്ക് അയച്ചത്.
Post Your Comments