Kerala

പോലീസ് സ്റ്റേഷനില്‍ പതിനാലുകാരന് മര്‍ദ്ദനം: എസ്.ഐ നഷ്ടപരിഹാരം നല്‍കണം

കൊച്ചി•എറണാകുളം ജില്ലയിലെ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ പതിനാലു വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വീഴ്ച വരുത്തുന്നപക്ഷം എസ്സ്.ഐയുടെ ശമ്പളത്തില്‍നിന്ന് പണം ഈടാക്കി നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലീസ് സ്റ്റേഷനില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വരാപ്പുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷാരോണ്‍ സി.എസ്സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന കുരുവിള എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ ഫുള്‍ ബെഞ്ച് സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം ജില്ലാ റൂറല്‍ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ വരാപ്പുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മര്‍ദ്ദിച്ചെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച കേസിലാണ് നടപടി. കുടുംബസംബന്ധമായ പ്രശ്‌നങ്ങളില്‍, ക്രിമിനല്‍ കുറ്റവുമായി ബന്ധപ്പെടാതെയോ കോടതി ഉത്തരവില്ലാതെയോ പോലീസ് ഇടപെടരുതെന്നും കുട്ടികളെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തരുതെന്നും വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button