ന്യൂഡൽഹി: ഓൺലൈനിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻകാരിയായ കാമുകിയെ കാണാൻ പോയ ഇന്ത്യൻ എൻജിനീയർ തടവിലായിട്ട് നാല് വർഷം പിന്നിടുന്നു. കാമുകിയെ കാണാൻ 2012 ൽ പാകിസ്ഥാനിലേക്ക് പോയ മുംബൈ സ്വദേശിയായ ഹമീദ് അൻസാരി എന്ന യുവാവിനെയാണ് അതിർത്തി ലംഘനം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്‍തത്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധ പതിയുന്നതിനായി ഹമീദിന്റെ മാതാപിതാക്കളായ നൊഹാലും ഫൗസിയ അൻസാരിയും ഡൽഹിയിലെ ജന്തർമന്ദറിൽ കുടിൽ കെട്ടി ധർണ്ണ നടത്തി വരികയാണ്.
ഹമീദ് അൻസാരി പാകിസ്ഥാൻകാരിയായ ഒരു പെൺകുട്ടിയുമായി ഓൺലൈനിൽ പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കാൻ പോകുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അധ്യാപനദൗത്യം ഏറ്റെടുക്കാൻ മുംബൈയിലേക്കു തിരിക്കുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞതിന് ശേഷമാണ് ഹമീദ് പാകിസ്ഥാനിലേക്ക് പോയത്.2012 നവംബറിലാണ് ഹമീദ് അവസാനമായി മാതാപിതാക്കളെ വിളിച്ചത്.ഇക്കഴിഞ്ഞ ജനുവരിയിലാണു ഹമീദ് പാകിസ്താൻ സേനയുടെ തടവിലാണെന്നറിഞ്ഞത്. തുടർന്ന് പെഷാവർ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യുകയും അതിർത്തി ലംഘനത്തിനു ഹമീദിനെ തടവിലാക്കിയതാണെന്ന് പാക് സർക്കാർ കാര്യം വിശദീകരിക്കുകയും ചെയ്തു. 3 വർഷത്തേക്കായിരുന്നു ശിക്ഷ വിധിച്ചത്.ശിക്ഷാകാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഹമീദിന്റെ മോചനത്തെക്കുറിച്ച് ഒരു വിവരവുമില്ല. മകൻ ജയിലിലാണെന്ന വിവരം കിട്ടിയതോടെ ഫൗസിയയും ഭർത്താവും നിരവധി തവണ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ സന്ദർശിച്ചു. മകന്റെ മോചനത്തിനായി പാക് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
Post Your Comments