മോസ്‌കോ : റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീഴാന്‍ കാരണം വിമാനചിറകിലെ തകരാറെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് 92 പേരുമായി റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണത്. കരിങ്കടല്‍തീരത്തെ സുഖവാസ കേന്ദ്രമായ സോച്ചിയില്‍ നിന്നു സിറിയയിലെ ലടാക്കിയയിലേക്കു പോയ ടിയു154 വിമാനമാണു ടേക്ക് ഓഫിനു ശേഷം മിനിറ്റുകള്‍ക്കകം കരിങ്കടലില്‍ തകര്‍ന്നു വീണത്. റെഡ് ആര്‍മി ഗായകസംഘത്തിലെ 60 പേര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 92 പേരും മരിച്ചു.
റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ലഭിച്ചതോടെയാണ് അപകട കാരണത്തെ സംബന്ധിച്ച് സൂചന ലഭിച്ചത്. വിമാനചിറകിലെ ഫ്‌ളാപ്പുകള്‍ പ്രവര്‍ത്തിക്കാതെ വരികയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. വിമാനം മുകളിലേക്ക് പറന്നുയരാന്‍ സഹായിക്കുന്നവയാണ് ചിറകിലെ ഫ്‌ളാപ്പുകള്‍. ഇവ രണ്ടും ഒരേ സമയം പ്രവര്‍ത്തിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments