മലപ്പുറം: മാരകരോഗങ്ങൾക്കടക്കം ഉപയോഗിക്കുന്ന 84 മരുന്നുകളുടെ വിലകുറച്ചുകൊണ്ട് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിറക്കി. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ രോഗികൾക്ക് വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഇനി അത് 33.26 ആകും. അതുപോലെ സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കേണ്ട ഡോബ്യുട്ടാമിന് 70.27 -ല്‍നിന്ന് 34.79 രൂപയാകുന്നു.
ചിക്കന്‍പോക്സിനുള്ള അസിക്ലോവിര്‍ കുത്തിവെപ്പ് 250 എം.ജിക്ക് 494.19 എന്നത് 329.68 രൂപയും 500 എം.ജിക്ക് 466.6 എന്നത് 425.8 രൂപയുമായി മാറും. ഗുരുതര രക്താര്‍ബുദമരുന്നായ സൈറ്റോസൈന്‍ അരബിനോസൈഡ് 500 എം.ജിയുടെ വില 553.78 -ല്‍നിന്ന് 455.72 രൂപയാകും. അതുപോലെ നെഞ്ചിലെ കടുത്ത കഫക്കെട്ടിന് ഉപയോഗിക്കുന്ന അമോക്സിലിനും ക്ലാവുലിനിക് ആസിഡും ചേര്‍ന്ന സംയുക്തത്തിനു 92.34 -ല്‍നിന്ന് 83.53 എന്ന നിലയിലായി. ശ്വാസംമുട്ടിന് സാല്‍ബുട്ടാമോള്‍ മരുന്നിനു നൂറുമില്ലിക്ക് 14.38 ആയി കുറഞ്ഞു. എയ്ഡ്സ് മരുന്നിന് ഒരെണ്ണത്തിന് നാലുരൂപ കുറഞ്ഞ് 14.47 ആയി.
വില കുറയുന്നതില്‍ 56 എണ്ണവും രാസമൂലകങ്ങള്‍ക്കാണ്. ഇവയുെട നൂറുകണക്കിന് വിവിധ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. 28കമ്പനി ബ്രാന്‍ഡിനങ്ങളും പുതിയ പട്ടികയിലുണ്ട്. 84-ല്‍ 38 എണ്ണവും പുതിയതായി വില നിയന്ത്രണത്തില്‍ വരുന്നവയാണ്.
Post Your Comments