ന്യൂഡല്‍ഹി•പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയ്ക്കെതിരെ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണ രീതിയില്‍ തന്ത്രപരമായ മാറ്റം ഐ.എസ്.ഐ വരുത്തിയതായാണ് സൂചന. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഐ.എസ്.ഐ കിഴക്കന്‍ മേഖലയിലെ രഹസ്യ ഭീകര ലോഞ്ച് പാഡുകള്‍ വഴി പുതിയ പോര്‍മുഖം തുറക്കാന്‍ ഒരുങ്ങുകയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു.
തായ്‌ലാന്‍ഡ്-മ്യാന്മാര്‍ അതിര്‍ത്തിയിലെ മേ സോട്ടില്‍ ഐ.എസ്.ഐ ഭീകരക്യാമ്പ് തുറന്നതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ചാവേർ ആക്രമണങ്ങൾക്കായി താലിബാൻ പോരാളികളെ ഉപയോഗിച്ചു രോഹിങ്ക്യ മുസ്ലിങ്ങളെ ഐ.എസ്.ഐ പരിശീലപ്പിച്ചതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
മേ സോട്ടിലെ ലോഞ്ച് പാഡ് ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുന്നതിന് ഉപയോഗിക്കാന്‍ കഴിയും. ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ഐ.എസ്.ഐ പാക് താലിബാന്‍ സഹായത്തോടെ ഹര്‍ക്കത്ത് ഉല്‍-ജിഹാദ് അല്‍-ഇസ്‌ലാമി അര്‍കാന (ഹുജി-അ) പോലെയുള്ള ഭീകര ഗ്രൂപ്പുകള്‍ക്കും ഏതാനും ഖാലിസ്ഥാനി ഭീകരര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് മേ സോട്ട് ഭീകരക്യാമ്പിനെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവര ലഭിച്ചത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ ഫണ്ടും ആയുധങ്ങളും ഐ.എസ്.ഐ ഏര്‍പ്പാടാക്കി നല്‍കിയതായാണ് കരുതുന്നത്. അടുത്തിടെ ഹുജി-അ മേധാവി മൗലാണ അബ്ദുല്‍ കുദ്ദൂസും ലഷ്കര്‍-ഇ-തോയ്ബ സ്ഥാപകന്‍ ഹഫീസ് സയീദുമായി കൂടിക്കാഴ്ചയ്ക്ക് ഐ.എസ്.ഐ അവസരം ഒരുക്കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാക് വംശജനായ രോഹ്യങ്ക മുസ്ലിമാണ് ഹുജി-അ തലവനായ മൗലാണ അബ്ദുല്‍ കുദ്ദൂസ്. ഇദ്ദേഹം പാകിസ്ഥാന്‍ താലിബാനുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് കരുതുന്നത്.
Post Your Comments